
ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ ചരിത്ര പ്രധാന വിധി. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവകാശത്തില്‍ മാറ്റമുണ്ടാകില്ലെന്നു വിധിന്യായം നിരീക്ഷിക്കുന്നു.
മകള്‍ എക്കാലവും സ്‌നേഹനിധിയായ മകളായാണു തുടരേണ്ടത് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരും അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. നിയമത്തില്‍ ഭേദഗതി വരുത്തിയ സമയത്ത് പെണ്‍മക്കള്‍ ജീവിച്ചിരുന്നില്ലെങ്കില്‍പ്പോലും അവര്‍ക്ക് ഹിന്ദു അവിഭക്ത കുടുംബ (എച്ച് യു എഫ്) സ്വത്തുക്കളില്‍ തുല്യമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി.
1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. 2005-ലെ നിയമ ഭേദഗതിയിലെ അനുച്ഛേദം 6 പ്രകാരം ആയിരുന്നു 2015-ലെ വിധി.
അതേസമയം, ഹിന്ദു അവകാശ നിയമത്തിനു കീഴില്‍ ആണ്‍, പെണ്‍ വ്യത്യാസം നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധി നിലനില്‍ക്കുമെന്ന് രേഖപ്പെടുത്തി. ഇപ്രകാരം വ്യത്യസ്ത രണ്ടംഗ ബെഞ്ചുകള്‍ പരസ്പര വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് 2018 നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഈ വിഷയം മൂന്ന് അംഗങ്ങളുള്ള ബെഞ്ചിന്റെ വിശദമായ പരിഗണനയ്ക്ക് വിട്ടത്.