
മുംബൈ: ആമസോണിന്റെ വിദേശ നിക്ഷേപം ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന പ്രസ്താവന തിരുത്തി കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി പിയുഷ് ഗോയല്‍. എല്ലാ വിദേശനിക്ഷേപവും സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അവ നിയമം പാലിച്ചാകണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. ആമസോണിന്റെ നൂറ് കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ഇന്ത്യന്‍ വിപണിയിലെ നൂറ് കോടി ഡോളറാണ് നഷ്ടമാകുകയെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ വ്യവസായ ലോകം രംഗത്തെത്തിയിരുന്നു.രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷകരമാണെന്നും വ്യവസായ മേഖല കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രി പ്രസ്താവന തിരുത്തിയത്.
ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമെതിരെ രാജ്യത്തെ കുത്തക നിയന്ത്രണസമിതിയായ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ഗോയലിന്റെ വിമര്‍ശം. വിദേശ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ചില്ലറ വ്യാപാരം നടത്താന്‍ സാധിക്കില്ല. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ആള്‍വ്യാപാരികളല്ല ചന്തസ്ഥലങ്ങള്‍ മാത്രമാണെന്നാണ് വാദിക്കുന്നത്. ഉല്‍പ്പാദകര്‍ ചന്തസ്ഥലത്ത് വില്‍പ്പന നടത്തുന്നു. ചന്തസ്ഥലം മാത്രമാണെങ്കില്‍ എങ്ങിനെ നഷ്ടം വരുമെന്നും മന്ത്രി ചോദിച്ചിരുന്നു. വ്യാപാരി സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആമസോമും ഫ്‌ളിപ്പ്കാര്‍ട്ടും വ്യാപാരികളെ തകര്‍ക്കാന്‍ വേണ്ടിയാണ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതെന്ന് ആരോപിച്ചിരുന്നു. അവരുടെ വാദങ്ങളെ ശരിവെച്ചുകൊണ്ടാണ് പിയൂഷ് ഗോയല്‍ പ്രസ്താവന നടത്തിയത്.