കൊളംബൊ തുറമുഖത്ത് പ്രതിസന്ധി; ചരക്ക് നീക്കം വൈകുന്നു

December 03, 2020 |
|
News

                  കൊളംബൊ തുറമുഖത്ത് പ്രതിസന്ധി; ചരക്ക് നീക്കം വൈകുന്നു

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രീലങ്കയുടെ തലസ്ഥാനം കോവിഡ് മൂലം ലോക്ക്ഡൗണിലാണ്. കൂടാതെ കൊളംബോയിലെ കണ്ടെയ്നര്‍ ടെര്‍മിനലുകളിലെ തൊഴിലാളി ക്ഷാമം ഒക്ടോബര്‍ മുതല്‍ തന്നെ ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ശ്രീലങ്കയിലെ ഈ പ്രതിസന്ധി അയല്‍രാജ്യങ്ങളായ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിതരണ ശൃംഖലയെ കൂടി പ്രതികൂലമായി ബാധിച്ചു.

കൊളംബൊ തുറമുഖത്തെ തൊഴിലാളികളുടെ എണ്ണം ഏകദേശം 30 ശതമാനമായി കുറച്ചതായി ഷിപ്പേഴ്സ് അക്കാഡമി കൊളംബൊയുടെ ചീഫ് എക്സിക്യൂട്ടീവായ റോഹന്‍ മാസ്‌കോറാല ലോഡ്സ്റ്റാറിനോട് പറഞ്ഞു. ഇത് കാരണം ക്രെയിന്‍ ഉല്‍പാദനക്ഷമതയ്ക്കും ഇന്റര്‍ ടെര്‍മിനല്‍ ട്രക്കിംഗിനും വലിയ തിരിച്ചടിയായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊളംബോ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ പ്രധാനമായും ട്രാന്‍സിപ്മെന്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റ് രണ്ട് ടെര്‍മിനലുകളും ഫീഡര്‍ വെസ്സലുകള്‍ കൈകാര്യം ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇന്റര്‍ ടെര്‍മിനല്‍ കൈമാറ്റത്തിന് സവിശേഷ പ്രാധാന്യമുണ്ട്. തുറമുഖത്തിന്റെ സംഭരണ സ്ഥലങ്ങളില്‍ കണ്ടെയ്നറുകള്‍ കൂടിയത് ഫീഡര്‍ കപ്പലുകളെ ബാധിച്ചു. കപ്പലുകള്‍ ഒരാഴ്ചയിലധികം കാത്തിരിക്കേണ്ടി വരുന്നു. ചിലപ്പോള്‍ പ്രധാന കപ്പലുകള്‍ പോലും ഒന്നോ രണ്ടോ ദിവസം വൈകി ഓടേണ്ടി വന്നു.

കൊളംബോ പ്രതിമാസം 600,000 ടിയു കൈകാര്യം ചെയ്യുന്നുവെന്ന് കണക്കിലെടുക്കുമ്പോള്‍ പ്രാദേശിക ഫീഡറിങ്ങും കണക്റ്റിവിറ്റിയും വന്‍തോതില്‍ ബാധിക്കുന്നു. ഈ സാഹചര്യം മൂലം ഇന്ത്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ബോക്സുകള്‍ ഇറക്കാന്‍ കപ്പലുകള്‍ നിര്‍ബന്ധിതരാകുന്നു. സ്വാഭാവികമായും കൊളംബോയില്‍ ചരക്ക് കൂലി ഇരട്ടിയായി. ഒരു സ്ലോട്ട് ലഭിക്കുന്നതിന് കപ്പലുകള്‍ എട്ട് ആഴ്ച മുമ്പേ ബുക്ക് ചെയ്യണ്ടേ സാഹചര്യമുണ്ടായി.

ചില ഷിപ്പര്‍മാര്‍ക്ക് കൊളംബോയില്‍ നാല് ആഴ്ചയും സിംഗപ്പൂരില്‍ രണ്ടാഴ്ചയും കാര്‍ഗോ ഇടേണ്ടി വന്നു. ഇത് ചരക്ക് കൈമാറ്റക്കാരെ സാരമായി ബാധിച്ചു. ചില അടിയന്തിര കയറ്റുമതികള്‍ വിമാനം വഴി വിടുകയോ, അല്ലെങ്കില്‍ മറ്റൊരു തുറമുഖത്തേക്ക് പോകുകയോ വേണ്ടി വന്നു. ഇത് മൂലം ചെലവും ഗതാഗത സമയവും വര്‍ദ്ധിച്ചു.

ഇങ്ങനെ ഒരു സാഹചര്യം കൊളംബോ തുറമുഖത്തിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ എതിര്‍ തുറമുഖങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍. ദുബൈയ്ക്കും സിംഗപ്പൂരിനും പോലെയുള്ള ആഗോള സമുദ്രലോജിസ്റ്റിക് കേന്ദ്രമായി മാറാന്‍ ശ്രീലങ്കയ്ക്ക് വലിയ പ്രതീക്ഷകളുണ്ടെങ്കിലും 'ലെസ്സ് ദാന്‍ കണ്ടെയ്നര്‍ ലോഡ്' (എല്‍സിഎല്‍) ക്ലിയറന്‍സും ഏകീകരണവും സാരമായി ബാധിച്ചു'' മസകോറല പറഞ്ഞു.

Read more topics: # കൊളംബൊ, # Colombo port,

Related Articles

© 2025 Financial Views. All Rights Reserved