
ന്യൂഡല്‍ഹി: വിവാദമായ ഫ്യൂചര്‍ ഗ്രൂപ്പ് - റിലയന്‍സ് ഇടപാടിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. അതേസമയം ആമസോണിന് ഇതിനെതിരെ നിയമപരമായ സാധുതകള്‍ തേടാമെന്നും കോടതി വ്യക്തമാക്കി. ഒരേസമയം ഇരുഭാഗത്തിനും അനുകൂലവും പ്രതികൂലവുമാണ് വിധി.
റിലയന്‍സുമായുള്ള ഇടപാടില്‍ ആമസോണ്‍ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പക്ഷെ, ഇടപാടുമായി മുന്നോട്ട് പോകാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനും റിലയന്‍സിനും അനുവാദം നല്‍കുകയായിരുന്നു. ഇത് ഒരേസമയം ആമസോണിന് അനുകൂലവും പ്രതികൂലവുമായി.
ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആമസോണ്‍ സിങ്കപ്പൂര്‍ ആസ്ഥാനമായ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാല്‍ ഇടപാടുമായി മുന്നോട്ട് പോകാന്‍ ഇന്ത്യയിലെ കോമ്പറ്റീഷന്‍ കമ്മീഷന്‍ റിലയന്‍സിനും ഫ്യൂച്ചര്‍ ഗ്രൂപ്പിനും അനുവാദം നല്‍കി.