
ന്യൂഡല്‍ഹി: പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 7,460 കോടി രൂപ സമാഹരിക്കാന്‍ വിതരണ ശൃംഖല കമ്പനിയായ ഡല്‍ഹിവെരിക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) അനുസരിച്ച്, 5,000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 2,460 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ഘടകവും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
ഒഎഫ്എസിന് കീഴില്‍, ലോജിസ്റ്റിക്‌സ് കമ്പനിയിലെ നിക്ഷേപകരായ കാര്‍ലൈല്‍ ഗ്രൂപ്പും സോഫ്റ്റ്ബാങ്കും ഡെല്‍ഹിവെരിയുടെ സഹസ്ഥാപകരും തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. നവംബറിലാണ് കമ്പനി സെബിയില്‍ ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് ജനുവരി 13നാണ് അനുകൂലമായ മറുപടി ലഭിക്കുന്നത്.
കരട് പേപ്പറുകള്‍ അനുസരിച്ച്, കാര്‍ലൈല്‍ ഗ്രൂപ്പിന്റെ ഒരു സ്ഥാപനമായ സിഎ സ്വിഫ്റ്റ് ഇന്‍വെസ്റ്റ്മെന്റ് 920 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമായ എസ്വിഎഫ് ഡോര്‍ബെല്‍ (കേമാന്‍) ലിമിറ്റഡ് 750 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ചൈന മൊമെന്റം ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഡെലി സിഎംഎഫ് പി.ടി.ഇ. ലിമിറ്റഡ്, 400 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. ടൈംസ് ഇന്റര്‍നെറ്റ് 330 കോടി രൂപ മൂല്യമുള്ള ഓഹരികളും വില്‍ക്കും.
കൂടാതെ, ഡല്‍ഹിവേരിയുടെ സഹസ്ഥാപകരായ കപില്‍ ഭാരതി, മോഹിത് ടണ്ടന്‍, സൂരജ് സഹാറന്‍ എന്നിവര്‍ യഥാക്രമം 14 കോടി രൂപ, 40 കോടി രൂപ, 6 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കും. നിലവില്‍ സോഫ്റ്റ് ബാങ്കിന് 22.78 ശതമാനം ഓഹരിയും കാര്‍ലൈലിന് 7.42 ശതമാനം ഓഹരിയും ചൈന മൊമെന്റം ഫണ്ടിന് 1.11 ശതമാനം ഓഹരിയും കമ്പനിയില്‍ ഉണ്ട്. കമ്പനിയില്‍ ഭാരതിക്ക് 1.11 ശതമാനവും ടോണ്ടണിന് 1.88 ശതമാനവും സഹാറന് 1.79 ശതമാനവും ഓഹരിയുണ്ട്.