ആഭ്യന്തര വ്യോമയാന മേഖല തിരിച്ചെത്തുക 2023ലെന്ന് ക്രിസില്‍ വിലയിരുത്തല്‍

June 11, 2021 |
|
News

                  ആഭ്യന്തര വ്യോമയാന മേഖല തിരിച്ചെത്തുക 2023ലെന്ന് ക്രിസില്‍ വിലയിരുത്തല്‍

കൊവിഡ് വ്യാപനത്തോടെ വലിയ പ്രതിസന്ധി നേരിട്ട മേഖലയാണ് വ്യോമയാന മേഖല. അന്തര്‍ദേശീയ തലത്തിലും ആഭ്യന്തര തരത്തിലും വലിയ പ്രതിസന്ധിയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ അവസാനിക്കാന്‍ ഇനിയും രണ്ട് വര്‍ഷമെങ്കിലും എടുക്കും എന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ വിലയിരുത്തല്‍.

ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ സ്ഥിതി ഇനിയും താഴേക്കുപോകുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടാവില്ലെന്നും റേറ്റിങ് ഏജന്‍സി വിലയിരുത്തുന്നുണ്ട്. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നത് എങ്കില്‍, ആഭ്യന്തര ഏവിയേഷന്‍ മേഖല തിരിച്ചെത്താന്‍ 2023 സാമ്പത്തിന്റെ വര്‍ഷത്തിന്റെ അവസാനപാദത്തിലെങ്കിലും എത്തണം എന്നാണ് മറ്റൊരു വിലയിരുത്തല്‍. കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന നിലയിലേക്കെങ്കിലും തിരിച്ചെത്തുന്നതിനെ കുറിച്ചാണ് ഈ നിരീക്ഷണം.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടായില്ല എന്നത് സത്യമാണ്. എന്നാല്‍ പ്രാദേശിക ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കര്‍ക്കശമായി തുടരുകയാണ്. ഇതാണ് ആഭ്യന്തര വ്യോമയാന മേഖലയെ രൂക്ഷമായി ബാധിച്ചത് എന്നാണ് വിലയിരുത്തല്‍. കൊവിഡ് രണ്ടാം തരംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഉണ്ടായിരുന്ന വിമാന യാത്രക്കാരുടെ പാതി മാത്രമേ ഇപ്പോഴുള്ളു എന്നാണ് കണക്കുകള്‍ പറയുന്നത്. 2021 ഫെബ്രുവരില്‍ ഉണ്ടായിരുന്ന യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 മെയ് മാസത്തില്‍ അമ്പത് ശതമാനം മാത്രമാണ് യാത്രക്കാരുടെ എണ്ണം.

2020 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്നതിന്റെ അറുപത് ശതമാനം മാത്രമേ 2021 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ ഉണ്ടാകൂ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അല്‍പം പ്രതീക്ഷ നല്‍കുന്നതാണ്. അമരിക്കയിലും യൂറോപ്പിലും എല്ലാം ആഭ്യന്തര വ്യോമയാന മേഖല അതിവേഗത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

ഈ കൊവിഡ് കാലം വ്യോമയാന മേഖലയ്ക്ക് സൃഷ്ടിക്കുന്ന നഷ്ടം വളരെ വലുതായിരിക്കും എന്നും റേറ്റിങ് ഏജന്‍സി വിലയിരുത്തുന്നു. 2023 ല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് എത്തുമ്പോഴേക്കും വരുമാനത്തില്‍ 900 കോടിയുടെ നഷ്ടമായിരിക്കും ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. വരുമാനത്തില്‍ വലിയ തകര്‍ച്ച നേരിട്ടാലും വിമാനത്താവളങ്ങളുടെ ക്രെഡിറ്റ് ക്വാളിറ്റിയെ അത് ബാധിക്കില്ല എന്നും ക്രിസില്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും കൊവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ആശങ്ക എല്ലാ മേഖലകളേയും പോലെ വ്യോമയാന മേഖലേയും ആശങ്കപ്പെടുത്തുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved