
ന്യൂഡല്‍ഹി: ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ വിമാനത്തിന്റെ ശേഷിയുടെ 80% വരെ സീറ്റുകള്‍ വില്‍ക്കാന്‍ അനുമതി. ഇതുവരെ അനുവദിച്ച 70 ശതമാനത്തില്‍ നിന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി സീറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൊവിഡ് -19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവ വരാനിരിക്കുന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കുന്ന പുതിയ ഇളവ് എയര്‍ലൈനുകള്‍ക്ക് ആശ്വാസമാകും.
മെയ് 25ന് 30,000 യാത്രക്കാരുമായാണ് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. 2020 നവംബര്‍ 30ന് യാത്രക്കാരുടെ എണ്ണം 2.52 ലക്ഷത്തിലെത്തിടെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്നോടിയായാണ് മന്ത്രി ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് -19 വ്യാപനം തടയുന്നതിനായി രണ്ട് മാസത്തേക്ക് പൂര്‍ണമായും അടച്ചിട്ടിരുന്ന വിമാന സര്‍വ്വീസുകള്‍ പിന്നീട് മെയ് 25നാണ് പുനരാരംഭിച്ചത്. അതിനുശേഷം, ഏതാനും മാസങ്ങളായി വിമാന യാത്രാ ഗതാഗതം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. എയര്‍ലൈന്‍ ബുക്കിംഗുകള്‍ ഉയര്‍ന്നു. ദിവസേനയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2,50,000 ആയി. എന്നിരുന്നാലും മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തേക്കാള്‍ ഏറെ പിന്നിലാണ് സംഖ്യകള്‍.
ആഭ്യന്തര വിമാനക്കമ്പനികള്‍ ഒക്ടോബറില്‍ 5.27 മില്യണ്‍ യാത്രക്കാരെ കയറ്റിയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 57 ശതമാനം കുറവാണ്. ആളുകള്‍ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ യാത്ര ചെയ്യുന്നതിനാല്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ യാത്രക്കാരുടെ ഗതാഗതം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഗുഡ്ഗാവ് ആസ്ഥാനമായുള്ള നോ-ഫ്രില്‍ എയര്‍ലൈനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോര്‍പ്പറേറ്റ്, ബിസിനസ് യാത്രകള്‍ക്കുള്ള ബുക്കിംഗ് ദുര്‍ബലമായി തുടരുകയാണെങ്കിലും 2021 ല്‍ ഈ മേഖലയിലും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ഡിസംബറോടെ വ്യവസായം കൊവിഡ് മുമ്പുള്ള ശേഷിയുടെ 80 ശതമാനത്തിലേക്കും 2021 മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ മുഴുവന്‍ ശേഷിയിലേക്കും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. വിദേശ വിമാന സര്‍വീസുകള്‍ എട്ട് മാസത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. എന്നാല്‍ ചരക്ക് വിമാനങ്ങളും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പ്രത്യേകമായി അനുവദിച്ചിട്ടുള്ളവ, വന്ദേ ഭാരത് വിമാനങ്ങള്‍, ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍, എയര്‍ ബബിള്‍ വിമാനങ്ങള്‍ എന്നിവ സര്‍വ്വീസ് നടത്തുന്നുണ്ട്.