ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രം; 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നല്‍കി

December 04, 2021 |
|
News

                  ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രം;  9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നല്‍കി

നഷ്ടത്തില്‍ നട്ടം തിരിയുന്ന ടെലികോം കമ്പനികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്‌തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, ജിയോ കമ്പനികള്‍ക്കാണ് പണം തിരികെ കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ടെലികോം കമ്പനികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന റിലീഫ് പാക്കേജിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് റിലീഫ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.  ലൈസന്‍സ് ഫീസിന്റെയും സ്‌പെക്ട്രം യൂസേജ് ചാര്‍ജിന്റെയും ഇനത്തില്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയാണ് തിരികെ നല്‍കിയതെന്നാണ് വിവരം. ഇതിലൂടെ ഭാരതി എയര്‍ടെലിന് 4000 കോടി രൂപ തിരികെ കിട്ടി.

ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ വൊഡഫോണ്‍ ഐഡിയക്ക് തിരികെ കിട്ടിയത് 2500 കോടി രൂപയായിരുന്നു. റിലയന്‍സ് ജിയോക്ക് 2700 കോടിയും ലഭിച്ചു. ഈ തുക കഴിഞ്ഞ മാസം തന്നെ കമ്പനികള്‍ക്ക് ലഭിച്ചതായാണ് വിവരം. എന്നാല്‍ എയര്‍ടെലോ, വൊഡഫോണ്‍  ഐഡിയയോ ജിയോയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved