ആര്‍.സി.ഇ.പി കരാറിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്; ചൈന, ആസ്ട്രേലിയ, ന്യൂസിലാന്റ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇറക്കുമതി കുത്തനെ ഉയരും; ഇന്ത്യയുടെ കയറ്റുമതിക്ക് തളര്‍ച്ചയുണ്ടാകും

October 31, 2019 |
|
News

                  ആര്‍.സി.ഇ.പി കരാറിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്; ചൈന, ആസ്ട്രേലിയ, ന്യൂസിലാന്റ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇറക്കുമതി കുത്തനെ ഉയരും; ഇന്ത്യയുടെ കയറ്റുമതിക്ക് തളര്‍ച്ചയുണ്ടാകും

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ആര്‍സിഇപി കരാറിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പുതിയ കരാര്‍ നടപ്പിലാക്കാിയാല്‍ രാജ്യത്ത് ഇറക്കുമതി വര്‍ധിക്കുമെന്നും കയറ്റുമതിയില്‍ ഭീമമായ ഇടവ് രേഖപ്പെടുത്തുമെന്നും ധനമന്ത്രി ഔദ്യോഗിക ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇറക്കുമതി അധികരിച്ചാല്‍ വ്യാപാര കമ്മിയില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

നോട്ട് നിരോധനം പോലെ മോഡി സര്‍ക്കാരിന്റെ മറ്റൊരു ഹിമാലയന്‍ മണ്ടത്തരംകൂടി അരങ്ങേറാന്‍ പോവുകയാണ്. അതാണ് ആര്‍.സി.ഇ.പി കരാര്‍. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കല്‍ ഇതോടെ മരീചികയാകും. മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കും. അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടന ദിവാസ്വപ്‌നമാകും.

ആര്‍സിഇപി രാജ്യങ്ങളുമായി കഴിഞ്ഞ കുറേവര്‍ഷങ്ങളായുള്ള നമ്മുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഗതി പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ പ്രസ്താവന വെറും വാചകമടിയല്ലെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. ഇപ്പോള്‍ തന്നെ 10 ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര ഉടമ്പടി നമുക്കുണ്ട്. ഇതിനുപുറമേ ചൈന, ആസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ഇന്ത്യ എന്നീ രാജ്യങ്ങളുംകൂടി ചേരുന്നതാണ് ആര്‍.സി.ഇ.പി. രാജ്യങ്ങള്‍.

തൊണ്ണൂറുകളില്‍ മൊത്തം ആര്‍സിഇപി രാജ്യങ്ങളുമായുള്ള നമ്മുടെ കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് തുല്യമായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി വര്‍ദ്ധിക്കാന്‍ തുടങ്ങി (ഗ്രാഫ് 1 കാണുക). 2010ല്‍ കയറ്റുമതി 5000 കോടി ഡോളറും ഇറക്കുമതി 10000 കോടി ഡോളറുമായിരുന്നു. അങ്ങനെ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി 5000 കോടിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നമ്മുടെ കയറ്റുമതി ഏതാണ്ട് അതേനിലയില്‍ തുടര്‍ന്നു.അതേസമയം ഇറക്കുമതി തുടര്‍ച്ചയായി ഉയര്‍ന്ന് 2018ല്‍ 20000 കോടി ഡോളറിലെത്തി. എന്നുവച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി 15000 കോടി ഡോളറായി ഉയര്‍ന്നു.

നമ്മുടെ ഈ വ്യാപാര കമ്മിയില്‍ സ്വതന്ത്രവ്യാപാരബന്ധമുള്ള ആസിയാന്‍ രാജ്യങ്ങളുമായിട്ടുള്ള കമ്മി 2200 കോടി ഡോളറാണ്. ബാക്കി 12800 കോടി ഡോളര്‍ മറ്റ് ആര്‍സിഇപി രാജ്യങ്ങളുമായുള്ള കമ്മിയാണ്. ചൈനയുമായുള്ള കമ്മി മാത്രം 6600 കോടി വരും. ഇപ്പോള്‍ ഈ രാജ്യങ്ങളിന്‍മേലുള്ള ഇറക്കുമതിക്കുമേല്‍ 40% വരെ ചുങ്കം ചുമത്താന്‍ ഡബ്ല്യു.റ്റി.ഒ കരാര്‍ പ്രകാരം നമുക്ക് അവകാശമുണ്ട്. പുതിയ കരാര്‍ വരുന്നതോടെ ഈ അവകാശം കുത്തനെ വെട്ടിക്കുറക്കപ്പെടും. ഫലം ചൈന, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇറക്കുമതി കുത്തനെ ഉയരും. നമ്മുടെ ചരക്കുകളിന്‍മേല്‍ ആ രാജ്യങ്ങളിന്‍മേലുള്ള ചുങ്കവും കുറയ്‌ക്കേണ്ടി വരുമ്പോള്‍ നമ്മുടെ കയറ്റുമതിയും വര്‍ദ്ധിക്കുമെന്ന് പ്രചരിപ്പിക്കുന്ന ശുദ്ധാത്മാക്കളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആര്‍സിഇപി രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി കഴിഞ്ഞ ഒരു ദശകത്തില്‍ 5000 കോടി ഡോളറിന്‍മേല്‍ തട്ടിക്കളിക്കുകയായിരുന്നുവെന്നത് നേരത്തെ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. എന്നുവച്ചാല്‍ കയറ്റുമതി കുറച്ചു കൂടിയേക്കാം. എന്നാല്‍ ഇറക്കുമതിയായിരിക്കും കുത്തനെ ഉയരുക എന്നതാണ് ഇതുവരെയുള്ള അനുഭവം സൂചിപ്പിക്കുന്നത്.

ഇനിയും സംശയമുള്ളവര്‍ക്ക് ആസിയാന്‍ രാജ്യങ്ങളുമായിട്ടുള്ള വ്യാപാരത്തില്‍ സ്വതന്ത്രവ്യാപാര കരാറിനുശേഷം എന്ത് സംഭവിച്ചൂവെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും (ഗ്രാഫ് 2 കാണുക). ആസിയാന്‍ രാജ്യങ്ങളിന്‍മേലുള്ള കയറ്റുമതിയെ അപേക്ഷിച്ച് അവിടെ നിന്നുള്ള ഇറക്കുമതി ഗണ്യമായി ഉയര്‍ന്നു. ഇതിന്റെ ഫലമായി ഈ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി 2010ല്‍ 500 കോടി ഡോളറായിരുന്നത് 2018 ആയപ്പോഴേയ്ക്കും 2200 കോടി ഡോളറായി ഉയര്‍ന്നു.

എന്തൊക്കെയാണ് ഇന്ത്യയിലേയ്ക്ക് അധികമായി ഇറക്കുമതി ചെയ്യപ്പെടാന്‍ പോകുന്നത്? വാണിജ്യവിള ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴേ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് സുലഭമായി ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടും. കാരണം രാജ്യങ്ങള്‍ കൂടുന്തോറും ഏതു രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ചരക്കുകളാണോ വിപണനം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക കൂടുതല്‍ പ്രയാസകരമാകും. ഇതിനുപുറമേ ആസ്‌ട്രേലിയയില്‍ നിന്നുള്ള ഗോതമ്പും ചോളവുമെല്ലാം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടും. ഏറ്റവും തീവ്രമായി അനുഭവപ്പെടാന്‍ പോകുന്നത് ആസ്‌ട്രേലിയ, ന്യൂസിലാന്റിലെ പാല്‍, പാലുല്‍പ്പന്ന ഇറക്കുമതിയാകും. വന്‍കിട വാണിജ്യാടിസ്ഥാനത്തിലുള്ള ഇവിടങ്ങളിലെ ഡയറി ഉല്‍പ്പാദനച്ചെലവ് താഴ്ന്നതാണ്. ഇത്തരം പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു തടയിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ധവളവിപ്ലവം വിജയിപ്പിച്ചത്. ഈ നേട്ടങ്ങള്‍ തുരങ്കം വയ്ക്കപ്പെടും. മത്സ്യ ഇറക്കുമതിയും ഗണ്യമായി ഉയരും.

ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള വ്യവസായ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയാണ് കുത്തനെ ഉയരുക. സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലനായ അമേരിക്ക, ചൈനീസ് ഇറക്കുമതിയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ട് ഇന്ത്യന്‍ കമ്പോളം ചൈനക്ക് ആവശ്യമാണ്. ചൈനയിലെ കൂലി ഉയര്‍ന്നത് നമ്മുടെ മത്സരശേഷിയെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിക്കുന്നവരുണ്ട്. ചൈനയിലെ കൂലി കൂടുന്നുവെന്നത് ശരിതന്നെ. പക്ഷെ, അവരുടെ ചെറുകിട വ്യവസായ മേഖലയില്‍പോലും വമ്പിച്ച ആധുനികവല്‍ക്കരണവും ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധനവും നടക്കുകയാണ്. അരൂരിലെ സുവനീര്‍ ബാഗുകളുടെ നിര്‍മ്മാണകേന്ദ്രം നേരിടുന്ന ചൈനീസ് വെല്ലുവിളിയെക്കുറിച്ച് രണ്ടാഴ്ചമുമ്പ് ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ എന്തിന് വന്‍കിട വ്യവസായങ്ങള്‍പോലും ചൈനീസ് ഇറക്കുമതി ഭീഷണിയിലാണ്.

ഏതാണ്ട് ഉറപ്പിച്ചു പറയാവുന്നത് ഇന്ത്യയില്‍ നിന്നുള്ള സേവനങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കുമെന്നതാണ്. നമ്മുടെ സേവനദാതാക്കള്‍ക്ക് മറ്റ് രാജ്യങ്ങളില്‍പോയി സേവനം നല്‍കുന്നത് എളുപ്പമാകും. പക്ഷേ, ഈ നേട്ടത്തെക്കാള്‍ എത്രയോ വലിയ തിരിച്ചടിയാണ് കാര്‍ഷിക വ്യവസായ മേഖലയിലുണ്ടാവുക. അതോടൊപ്പം പേറ്റന്റ് നിയമത്തിലും വരുന്ന മാറ്റങ്ങള്‍ കൃഷിക്കാരുടെ വിത്തവകാശത്തിനുമേലും മരുന്നുവ്യവസായത്തിനുമേലും കരിനിഴല്‍ വീഴ്ത്തും.

ഇത്തരമൊരു തകര്‍ച്ചയിലേയ്ക്ക് രാജ്യത്തെ തള്ളിവിടുന്ന ഒരു കരാറില്‍ എന്തിന് ഇന്ത്യ ഒപ്പു വയ്ക്കണം? ഇത് വലിയൊരു പ്രഹേളികയാണ്. കരാറിന്റെ വിശദാംശങ്ങളും പുറത്തു പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ല. രാജ്യസുരക്ഷാ രഹസ്യങ്ങള്‍പോലെ അവയെല്ലാം ഒളിച്ചു വച്ചിരിക്കുകയാണ്. കരാറിന്റെ ഇരകള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഊഹിക്കാന്‍ പറ്റുന്നത് ഇന്ത്യാ രാജ്യം ഒറ്റപ്പെട്ടുപോകുമെന്നുള്ള പേടിമൂലമാണ് കരാറില്‍ ഒപ്പുവയ്ക്കുന്നതെന്നാണ്. ഇന്ത്യ മാറിയാല്‍ ഈ മേഖലകളില്‍ ചൈനീസ് ആധിപത്യത്തിനു വഴി തെളിച്ചേക്കുമത്രെ. ഈ രാജ്യങ്ങളില്‍ നിന്നുള്ള അര്‍ദ്ധസംസ്‌കൃത വിഭവങ്ങള്‍ ഇറക്കുമതി ചെയ്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി ഇന്ത്യയിലെ വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്താമെന്ന് കരുതുന്നവരുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പൊളിഞ്ഞു പാളീസായി കിടക്കുകയാണ്.

അതേ, നോട്ടു നിരോധനംപോലെ മറ്റൊരു മണ്ടന്‍ തീരുമാനം ആരൊക്കെയോകൂടി തട്ടിക്കൂട്ടികൊണ്ടിരിക്കുകയാണ്. നോട്ടു നിരോധനത്തിന്റെ വിനാശം ഇന്നത്തെ മാന്ദ്യത്തിലൂടെ ഇപ്പോഴും തുടരുകയാണ്. ഇനി മറ്റൊരു തകര്‍ച്ചകൂടി താങ്ങാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് ഒറ്റക്കെട്ടായി ആര്‍.സി.ഇ.പി കരാറിനെതിരെ ജനകീയ രോഷമുയര്‍ത്തണം. ഇതിന്റെ തുടക്കമായിരുന്നു നിശാഗന്ധിയില്‍ നടന്ന സമസ്ത മേഖലകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍. ഇന്ന് നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ്. കേരളത്തിന്റെ പ്രതിരോധത്തിനു നല്ല തുടക്കം.

Related Articles

© 2025 Financial Views. All Rights Reserved