
കര്‍ണാടകയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഡ്രീം 11. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഒക്ടോബര്‍ അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വന്ന ദക്ഷിണേന്ത്യന്‍ ഗെയിമിങ് നിരോധനം ലംഘിച്ചെന്ന പരാതിയില്‍ ബംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് പിന്‍മാറ്റം. ഡ്രീം 11 സ്ഥാപകരായ ഹര്‍ഷ് ജെയിനിനും ഭവിത് ശേത്തിനും എതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഫാല്‍ക്കണ്‍ എഡ്ജ്, ടൈഗര്‍ ഗ്ലോബല്‍ എന്നിവ പിന്തുണയ്ക്കുന്ന ഡ്രീം 11ന്റെ നീക്കം, മറ്റ് ഓണ്‍ലൈന്‍ ഫാന്റസി സ്പോര്‍ട്സ് അല്ലെങ്കില്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളായ എം.പി.എല്‍, റമ്മി സര്‍ക്കിള്‍ എന്നിവയ്ക്കു സമാനമാണ്. കര്‍ണാടകയില്‍ താമസിക്കുന്ന അല്ലെങ്കില്‍ സംസ്ഥാനത്തിനകത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമിലെ പണമത്സരങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന സന്ദേശമാണ് ഗെയിമിങ് കമ്പനി നിലവില്‍ ഉപയോക്താക്കളുമായി പങ്കുവച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആശങ്കകളും ഉത്കണ്ഠയും ഞങ്ങള്‍ തിരിച്ചറിയുന്നു എന്നാല്‍ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്നു ഡ്രീം 11 വക്താവ് പ്രതികരിച്ചു. ഇതു മുന്‍വിധികളോടെയല്ലെന്നും നിയമം മൂലമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ചൂതാട്ടം, വാതുവയ്പ്പ്, കളികള്‍ എന്നിവ നിരോധിക്കുന്നതിനായി കര്‍ണാടക പോലീസ് അടുത്തിടെ ഗെയിമിങ് നിയമം ഭേദഗതി ചെയ്തിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നിട്ടും ഡ്രീം 11 പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതു ചോദ്യം ചെയ്തു ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വളരെ ചുരുങ്ങിയ സമയകൊണ്ട് വളര്‍ച്ച കൈവരിച്ച സ്ഥാപനമാണ് ട്രീം 11. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മിക്ക രാജ്യാന്തര മത്സരങ്ങളുടേയും സ്പോണ്‍സര്‍ എന്ന നിലയിലേക്കു കമ്പനി വളര്‍ന്നിരുന്നു. ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള്‍, കബഡി, ബാസ്‌ക്കറ്റ് ബോള്‍ എന്നീ കായിക ഇനങ്ങളിലാണ് ഉപയോക്താക്കള്‍ക്കു സ്വന്തം നിലയില്‍ ടീമുകള്‍ ഉണ്ടാക്കി ബെറ്റിങ്ങിന് കമ്പനി അവസരം നല്‍കിയിരുന്നത്. 2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 2019 ഏപ്രിലില്‍ ഇന്ത്യയിലെ ആദ്യ യുനികോണ്‍ ഗെയിമിങ് കമ്പനിയായും മാറി.
ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ ലാഭം കൈവരിക്കുന്ന ഏക കമ്പനിയെന്നു വേണമെങ്കില്‍ ഡ്രീം 11നെ വിശേഷിപ്പിക്കാം. 2020 വര്‍ഷത്തില്‍ ആളുകളെ ഗെയിം കളിപ്പിച്ചു മാത്രം ഈ കമ്പനി കൈവരിച്ചത് 2000 കോടി രൂപയുടെ വരുമാനമാണ്. ഫാന്റസി ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11ന് പിന്നിലെ ശക്തി സ്പോര്‍ട്ട ടെക്‌നോളജീസാണ്. കഴിഞ്ഞ വര്‍ഷം മാത്രം കമ്പനിയുടെ ലാഭം 180.8 കോടി രൂപയാണ്. 2019 സാമ്പത്തികവര്‍ഷത്തില്‍ 87.8 കോടി രൂപ നഷ്ടം വരിച്ച കമ്പനിയാണ് കുതിച്ചത്. കോവിഡ് കാലഘട്ടത്തില്‍ വിവിധ രാജ്യാന്തര ഗെയിമുകളെ ആളുകള്‍ക്കു മുമ്പ് അവതരിപ്പിക്കാനായതാണ് കമ്പനിക്കു നേട്ടമായത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.67 മടങ്ങ് വര്‍ധിച്ച് 2,070.4 കോടിയിലെത്തി. 2020 സാമ്പത്തികവര്‍ഷത്തില്‍ ഇത് 775.5 കോടിയായിരുന്നു. മൂലധന സമാഹരണത്തിന്റെ ഭാഗമായി വിപണികളിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങളെന്നത് കമ്പനിക്കു തിരിച്ചടിയാണ്. കര്‍ണാടകയുടെ നടപടി ചൂണ്ടിക്കാട്ടി കൂടുതല്‍ ആളുകള്‍ കോടതിയെ സമീപിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലും നിരോധനത്തിനു സാധ്യതയുണ്ട്.