
ദുബായ്: ഈ വര്‍ഷം ലോകത്തില്‍ തൊഴില്‍ കണ്ടെത്താന്‍ ഏറ്റവും മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്ന് ദുബായ് ആണെന്ന് പഠനം. കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍മാറ്റത്തിന് അനുയോജ്യമായ മികച്ച ഇടങ്ങള്‍ കണ്ടെത്തുന്നതിനായി വിദൂര പഠന പ്ലാറ്റ്ഫോമായ ഫ്യൂച്ചര്‍ലേണ്‍ നടത്തിയ പഠനത്തില്‍ ദുബായ് ആഗോളതലത്തില്‍ അഞ്ചാംസ്ഥാനത്തെത്തി. ആരോഗ്യരംഗത്തെ ചിലവിടല്‍, വരുമാന നിലവാരം, നേതൃസ്ഥാനങ്ങളിലെ സ്ത്രീ സാന്നിധ്യം, യുവാക്കള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങളില്‍ ദുബായ് മികച്ച സ്‌കോര്‍ കരസ്ഥമാക്കി.
ലോകത്തിലെ നൂറ് നഗരങ്ങള്‍ ഉള്‍പ്പെട്ട റാങ്കിംഗില്‍ സിംഗപ്പൂര്‍ ഒന്നാംസ്ഥാനം നേടി. കോവിഡ്-19 പകര്‍ച്ചവ്യാധി സിംഗപ്പൂര്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ആഘാതമുണ്ടാക്കില്ലെന്ന വിലയിരുത്തലാണ് സിംഗപ്പൂരിനെ ആദ്യസ്ഥാനത്ത് എത്തിച്ചത്. മാത്രമല്ല, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള മികച്ച അവസരങ്ങള്‍, കാര്യക്ഷമതയുള്ള ഭരണകൂടം, ഉയര്‍ന്ന വരുമാനം തുടങ്ങിയ ഘടകങ്ങളും സിംഗപ്പൂരിന് അനുകൂലമായി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍, ഫിന്‍ലന്‍ഡിലെ ഹെല്‍സിന്‍കി, നോര്‍വേയിലെ ഒസ്ലോ തുടങ്ങിയ നഗരങ്ങള്‍ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
അടിസ്ഥാനപരമായി നഗരങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാകില്ലെന്ന് കരുതാമെങ്കിലും ചില നഗരങ്ങള്‍, പ്രത്യേകിച്ച് ടൂറിസത്തെ കാര്യമായി ആശ്രയിക്കുന്ന നഗരങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കോവിഡ്-19യുടെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഫ്യൂച്ചര്‍ലേണ്‍ ചീഫ് എക്സിക്യുട്ടീവ് സിമണ്‍ നെല്‍സണ്‍ അഭിപ്രായപ്പെട്ടു. വെവ്വേറ ഇടങ്ങളിലിരുന്ന് ജോലി ചെയ്യുന്നത് അസാധ്യമാണെന്നാണ് മുമ്പ് പല വ്യവസായ മേഖലകളും കരുതിയിരുന്നത്. എന്നാല്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്ന ഇക്കാലത്ത് പകര്‍ച്ചവ്യാധി ആ കാഴ്ചപ്പാട് പൂര്‍ണമായും തിരുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി കമ്പനികള്‍ പുതിയ തൊഴിലാളികളെ തേടുകയും ഇന്റര്‍വ്യൂ ചെയ്ത് നിയമിക്കുകയും ചെയ്യുന്നിടത്തോളം പുതിയ നഗരത്തില്‍ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്ന് സിമണ്‍ നെല്‍സണ്‍ പറഞ്ഞു.