
ദുബായ്: ദുബായിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍ബിഡിയുടെ ആദ്യ പാദ അറ്റാദായത്തില്‍ 12 ശതമാനം വര്‍ധന. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറിത്തുടങ്ങിയ സാഹചര്യത്തില്‍ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരുപ്പും പ്രവര്‍ത്തനച്ചിലവുകളും കുറഞ്ഞതാണ് അറ്റാദായം വര്‍ധിപ്പിക്കാന്‍ എമിറേറ്റ്സ് എന്‍ബിഡിക്ക് തുണയായത്.
മാര്‍ച്ച് 31ന് അവസാനിച്ച കാലയളവില്‍ ഓഹരിയുടമള്‍ക്കായുള്ള അറ്റാദായം 2.32 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. കിട്ടാക്കടങ്ങള്‍ ലക്ഷ്യമാക്കിയുള്ള നീക്കിയിരുപ്പ് 31 ശതമാനം കുറഞ്ഞ്, 1.76 ബില്യണ്‍ ദിര്‍ഹമായി. പ്രവര്‍ത്തനച്ചിലവുകളും 9 ശതമാനം കുറഞ്ഞ് 1.86 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയതായി ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് സമര്‍പ്പിച്ച പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു. ആദ്യപാദത്തിലെ ശക്തമായ ഈ സാമ്പത്തിക പ്രകടനം ഭാവി വളര്‍ച്ചയ്ക്കായി ഡിജിറ്റല്‍ രംഗത്തും അന്താരാഷ്ട്ര ശൃംഖലകളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരണ നല്‍കുന്നതായി എമിറേറ്റ്സ് എന്‍ബിഡിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഷെയിന്‍ നെല്‍സണ്‍ പറഞ്ഞു.
സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ശാഖകള്‍ ആരംഭിച്ചതും വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നതായി ഷെയിന്‍ നെല്‍സണ്‍ പറഞ്ഞു. മക്കയിലും മദീനയിലും ശാഖകള്‍ ആരംഭിക്കാന്‍ അനുമതി കരസ്ഥമാക്കുന്ന ആദ്യ വിദേശ ബാങ്കാണ് എമിറേറ്റ്സ് എന്‍ബിഡി. പുതിയ ശാഖലകള്‍ നിലവില്‍ വന്നതോടെ സൗദി അറേബ്യയില്‍ എന്‍ബിഡിയുടെ ശാഖകള്‍ ആറായി ഉയര്‍ന്നിരുന്നു.
മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 695ബില്യണ്‍ ദിര്‍ഹമാണ് എന്‍ബിഡിയുടെ ആകെ ആസ്തി. അതേസമയം ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപം 1.55 ബില്യണ്‍ ദിര്‍ഹം കൂടി 379 ബില്യണ്‍ ദിര്‍ഹമായി. ആദ്യപാദത്തില്‍ ഉപഭോക്താക്കളുടെ വായ്പകള്‍ 5.5 ബില്യണ്‍ ദിര്‍ഹം ഇടിഞ്ഞ് 436 ബില്യണ്‍ ദിര്‍ഹമായി.