ഇന്ത്യയില്‍ മാര്‍ച്ച് അവസാനത്തോടെ ഇ-വാലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും

February 19, 2022 |
|
News

                  ഇന്ത്യയില്‍ മാര്‍ച്ച് അവസാനത്തോടെ ഇ-വാലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും

മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ഇ-വാലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും. പ്രീപെയ്ഡ് പേമെന്റ് ഉപകരണങ്ങളെ (പിപിഐ) പരസ്പരം പ്രവര്‍ത്തനക്ഷമമാക്കാനായി 2022 മാര്‍ച്ച് 31 വരെയാണ് ആര്‍ബിഐ സാവകാശം അനുവദിച്ചിരിക്കുന്നത്. അതായത് ഇ-വാലറ്റുകളും മറ്റും യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസിലേക്ക് (യുപിഐ) മാറും. ഇതോടെ വാലറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപകരണങ്ങള്‍, മെട്രോ അല്ലെങ്കില്‍ മറ്റ് പൊതുഗതാഗത കാര്‍ഡുകള്‍ എന്നിവ ഇതില്‍ വരില്ല. എന്നാല്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുന്നയാള്‍ക്ക് അവരുടെ കാര്‍ഡുകള്‍ പരസ്പരം പ്രവര്‍ത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാം.

കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കു പുറമേ, വ്യാപാരികള്‍ക്കു സേവനങ്ങള്‍ നല്‍കുന്ന സേവനദാതാക്കളും അവരുടെ സ്വീകാര്യത നെറ്റ്വര്‍ക്ക് പരസ്പരം പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. പുതിയ നടപടിയോടെ വാലറ്റുകളിലെ പണം ഈസിയായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. വാലറ്റിലെ പണം ഉപയോഗിച്ച് എവിടെയും പേമെന്റ് നടത്താം.

ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിനു മുമ്പ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബജറ്റില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയ്ക്കു സര്‍ക്കാര്‍ നല്‍കിയ ഊന്നലും ഇവിടെ കൂട്ടി വായിക്കണം. പേമെന്റ് രീതികള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമായി ഉപയോക്താക്കളുടെ പേമെന്റ് വിവരങ്ങളും പാസ്വേഡുകളും സുരക്ഷിതമായി സംഭരിക്കുന്ന ഒരു സംവിധാനമാണ് ഡിജിറ്റല്‍ വാലറ്റ് അഥവാ ഇ-വാലറ്റ്. ഇത് ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇ- വാലറ്റ് നല്‍കുന്ന സേവനം ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് തുല്യമാണ്.

പേമെന്റുകള്‍ നടത്തുന്നതിന് ഒരു ഇ-വാലറ്റ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്യേണ്ടതുണ്ട്. കറന്‍സി ഹരിത പണമിടപാട് എളുപ്പമാക്കുക എന്നതാണ് ഇ-വാലറ്റിന്റെ പ്രധാന ലക്ഷ്യം. ഇടപാടുകള്‍ക്ക് പണമടയ്ക്കാനായി ഡിജിറ്റല്‍ വാലറ്റിനെ മൊബൈല്‍ ഫോണ്‍ നമ്പറുമായി ലിങ്കുചെയ്യാനും കഴിയും. ആര്‍ബിഐയുടെ അഭിപ്രായത്തില്‍, മറ്റ് പേമെന്റ് സിസ്റ്റങ്ങളുമായി സംയോജിച്ച് ഉപയോക്താക്കളെ തങ്ങളുടെ പേമെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന സാങ്കേതിക സാധ്യതയാണ് പരസ്പര പ്രവത്തനക്ഷമത അല്ലെങ്കില്‍ ഇന്റര്‍ ഓപ്പറബിലിറ്റി.

Related Articles

© 2025 Financial Views. All Rights Reserved