
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ചതോടെ വെട്ടിലായി വിമാനക്കമ്പനികള്‍. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് റാലികള്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. പ്രധാനമായും ചാര്‍ട്ടര്‍ വിമാന സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിമാസം വിമാനം പറക്കുന്ന 350 മുതല്‍ 400 മണിക്കൂറുകളില്‍ 10 മുതല്‍ 15 ശതമാനം മാത്രമാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകള്‍ നടക്കുന്നതെന്ന് വിവിധ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് യാത്രകള്‍ യഥാര്‍ത്ഥത്തില്‍ സജീവമായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഡിസംബര്‍ മധ്യത്തോടെ യാത്രകള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ച് കമ്മീഷന്‍ രംഗത്തുവരികയായിരുന്നു. ഇതോടെ, മിക്ക യാത്രകളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നുവെന്ന് ക്ലബ് വണ്‍ എയര്‍ സിഇഒ രാജന്‍ മെഹ്റയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള യാത്രകള്‍ വളരെ കുറവാണെന്നായിരുന്നു ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയുടെ തലവന്‍ കൂടിയായിരുന്ന മെഹറ കൂട്ടി ചേര്‍ത്തു. കൊവിഡ് 19 കാരണം റാലികള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകള്‍ക്കായി 70 ശതമാനം അന്വേഷണങ്ങള്‍ മാത്രമാണ് വന്നതെന്ന് ജെറ്റ് സെറ്റ് ഗോ ഏവിയേഷന്‍ കമ്പനി സിഇഒ കനിക തെക്രിവാള്‍ പിടിഐയോട് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ അന്വേഷണങ്ങള്‍ മാത്രമായിരുന്നു വന്നിരുന്നത്. ഇതൊന്നും ബുക്കിങ്ങുകളായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ പറഞ്ഞു. അതേസമയം, റാലികള്‍ക്ക് മേലുള്ള ഈ നിരോധനം നീട്ടുകയാണെങ്കില്‍ ഇത്തവണ തെരഞ്ഞെടുപ്പ് റാലികള്‍ക്കായി അധികം വിമാനങ്ങള്‍ പറക്കുന്നത് കാണാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജെറ്റ്സെറ്റ്ഗോ ഏവിയേഷനും ക്ലബ് വണ്‍ എയറിനും യഥാക്രമം 18, 10 വിമാനങ്ങളാണ് ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളായി പ്രവര്‍ത്തിപ്പിക്കുന്നത്. ജനുവരി എട്ടിനാണ് അഞ്ച് സംസ്ഥാനങ്ങളുടേയും തൈരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 15 വരെ തെരഞ്ഞെടുപ്പ് പൊതു റാലികള്‍, റോഡ് ഷോകള്‍, ബൈക്ക് റാലികള്‍ അടക്കമുള്ള ആളുകള്‍ കൂടുന്ന പ്രചരണ പരിപാടികള്‍ നിരോധിക്കുകയായിരുന്നു. പിന്നീട്, 22 വരെയും ഇത് നീട്ടി. ഇന്നലെ നിരോധനം 31 വരെയാക്കി മാറ്റുകയുമായിരുന്നു.