ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

April 18, 2022 |
|
News

                  ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എഫ്എംസിജി കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചാണ് നടപടി. തമിഴ്നാട് ഡിണ്ടിഗലില്‍ ആംവേയുടെ പേരിലുള്ള ഭൂമിയും ഫാക്ടറി കെട്ടിടവും അടക്കമാണ് കണ്ടുകെട്ടിയത്. ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം, പ്ലാന്റ്, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നതായി ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ആംവേയുടെ 411.83 കോടി രൂപയുടെ സ്ഥാവര ജംഗമവസ്തുക്കളും വിവിധ അക്കൗണ്ടുകളില്‍ കമ്പനിയുടെ പേരിലുള്ള 345.94 കോടി രൂപയുടെ നിക്ഷേപവും ഇഡി കണ്ടുകെട്ടിയിരുന്നു.മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കമ്പനി തട്ടിപ്പ് നടത്തിയതായി ഇഡി ആരോപിച്ചു. കമ്പനിയുടെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും മറ്റു കമ്പനികളുടെ സമാനമായ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വിലയാണ്. അംഗത്വമെടുത്താല്‍ ഭാവിയില്‍ പണക്കാരനാകാമെന്ന് മോഹന വാഗ്ദാനം നല്‍കിയാണ് ആളുകളെ ഇതില്‍ ചേര്‍ക്കുന്നത്.

കമ്പനിയില്‍ വിശ്വസിച്ച് ജോലിയെടുത്ത് സമ്പാദിച്ച പണം ഉപയോഗിച്ച് ആളുകള്‍ ഉയര്‍ന്ന വില നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും ഇഡി ആരോപിക്കുന്നു. സ്വന്തം ഉപയോഗത്തിന് വേണ്ടിയല്ല ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന വില നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ തുടക്കക്കാരെ ഉദാഹരണമായി കാണിച്ചാണ് ആളുകളെ വലയില്‍ വീഴ്ത്തുന്നത്. യഥാര്‍ഥത്തില്‍ തുടക്കക്കാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ തുകയാണ് ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമെന്നും ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved