തുര്‍ക്കി നിരസിച്ച ഇന്ത്യന്‍ ഗോതമ്പ് ഇനി ഈജിപ്തിലേക്ക്

June 03, 2022 |
|
News

                  തുര്‍ക്കി നിരസിച്ച ഇന്ത്യന്‍ ഗോതമ്പ് ഇനി ഈജിപ്തിലേക്ക്

ന്യൂഡല്‍ഹി: തുര്‍ക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ ഗോതമ്പിന് ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ തുര്‍ക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തില്‍ ഇറക്കും.

ഗോതമ്പ് ലഭ്യത കുറഞ്ഞതോടു കൂടി ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, വിലക്കയറ്റം കുറക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്. ഈ അവസ്ഥയില്‍ തുര്‍ക്കിയില്‍ നിന്നും എത്തുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും.

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു.

പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ദക്ഷിണ കൊറിയ, ഒമാന്‍, യെമന്‍ തുടങ്ങിയ പല രാജ്യങ്ങളും ഗോതമ്പിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് തുര്‍ക്കിയിലേക്കുള്ള 56,877 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തത്. എന്നാല്‍ റൂബെല്ല രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നെത്തിയ ഗോതമ്പിന് തുര്‍ക്കി അനുമതി നല്‍കിയില്ല. 56,877 ടണ്‍ ഡുറം ഇനത്തില്‍പ്പെടുന്ന ഗോതമ്പാണ് തുര്‍ക്കി തിരിച്ചയച്ചത്.

അതേസമയം ചരക്ക് കയറ്റുന്നതിന് മുന്‍പ് പരിശോധനകള്‍ നടത്തിയിരുന്നെന്നും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും കയറ്റുമതി ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുര്‍ക്കിയിലേക്കുള്ള യാത്രാ സമയം ഏകദേശം രണ്ടാഴ്ചയാണെന്നും താപനിലയിലും ഈര്‍പ്പത്തിലും ഉള്ള വ്യതിയാനം ഫൈറ്റോസാനിറ്ററി പ്രശ്നങ്ങളിലേക്ക് നയിച്ചിരിക്കാം എന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ കാരണങ്ങള്‍കൊണ്ട് അണുബാധ ഉണ്ടാകില്ല എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിത്ത് അല്ലെങ്കില്‍ മണ്ണ് മലിനീകരണം മൂലമാണ് റുബെല്ല അണുക്കള്‍ ഉണ്ടാകുന്നതെന്നും കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടതായിരുന്നു എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഫൈറ്റോസാനിറ്ററി പ്രശനങ്ങള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഗുണനിലവാര പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഇന്തോനേഷ്യ ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതി നിര്‍ത്തിവച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനകരമാണെന്നും ഇന്ത്യയിലെ ലാബുകളുടെ നിലവാരം ഉയര്‍ത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

Related Articles

© 2025 Financial Views. All Rights Reserved