
മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും (എന്‍എസ്ഇ) ഇന്ന് (മെയ് 25 ന്) റംസാന്‍ പ്രമാണിച്ച് അടഞ്ഞു കിടക്കും. മെറ്റല്‍, ബുള്ളിയന്‍ എന്നിവയുള്‍പ്പെടെ മൊത്ത വ്യാപാര ചരക്ക് വിപണികള്‍ക്കും ഇന്ന് അവധിയായിരിക്കും. കൂടാതെ ഫോറെക്‌സ്, കമ്മോഡിറ്റി ഫ്യൂച്ചര്‍ മാര്‍ക്കറ്റുകളിലും വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. ഈ വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നിരക്ക് കുറച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് 22 ന് നിഫ്റ്റി 9,100 ലെവലില്‍ താഴെയായി.
സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് 3.35 ശതമാനമായും പുതുക്കി. ടേം-ലോണ്‍ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി നല്‍കുകയും ചെയ്തു. മെയ് 22 ന് സെന്‍സെക്‌സ് 260.31 പോയിന്റ് അഥവാ 0.84 ശതമാനം ഇടിഞ്ഞ് 30,672.59 ല്‍ എത്തി. നിഫ്റ്റി 67 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞ് 9,039.25 ല്‍ എത്തി.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. സീ എന്റര്‍ടൈന്‍മെന്റ്, എം ആന്‍ഡ് എം, സിപ്ല, ശ്രീ സിമന്റ്, ഇന്‍ഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. മേഖലാ രംഗത്ത് ഐടി, ഫാര്‍മ, ഓട്ടോ എന്നിവ ഒഴികെയുള്ള മറ്റ് സൂചികകള്‍ താഴ്ന്നു. ബിഎസ്ഇ മിഡ്കാപ്പ്, സ്മോള്‍കാപ്പ് സൂചികകള്‍ 0.2-0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ആര്‍ബിഐ ബാങ്കിംഗ്, ധനകാര്യ മേഖലകളെ ശക്തിപ്പെടുത്തുമെന്ന് മാര്‍ക്കറ്റുകള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൊറട്ടോറിയം വിപുലീകരിക്കുമെന്ന പ്രഖ്യാപനം വികാരത്തെ കൂടുതല്‍ വഷളാക്കി. അടുത്തയാഴ്ച വിപണിയില്‍ ചില തിരിച്ചുവരവുകള്‍ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷര്‍ പറയുന്നു. എന്നാല്‍ സുസ്ഥിരത ബുദ്ധിമുട്ടാണെന്നും നിരീക്ഷകര്‍ പറയുന്നു.