ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മ്മാണത്തിലേക്ക് ചുവടുവച്ച് ടിടിപിഎല്‍; ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനം

May 30, 2020 |
|
News

                  ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മ്മാണത്തിലേക്ക് ചുവടുവച്ച് ടിടിപിഎല്‍; ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനം

തിരുവനന്തപുരം: ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മ്മാണത്തിലേക്ക് ചുവടുവച്ച് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി ടി പി എല്‍). ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനം നിര്‍മ്മിച്ചിട്ടുണ്ട്. ഇതുപയോഗിച്ചുള്ള ഇ ബാറ്ററി നിര്‍മ്മാണത്തിന് കേരള ഡവലെപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി (കെ ഡി ഐ എസ് സി) ചര്‍ച്ച നടക്കുകയാണ്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. തിരുവനന്തപരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ടൈറ്റാനിയത്തിന്റെ ഉല്‍പ്പന്നം ഗുണനിലവാരമുള്ളതാണെന്ന് തെളിഞ്ഞു.

ലിഥിയം അയണ്‍ ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളില്‍ കാര്‍ബണിന് പകരം ഉപയോഗിക്കുന്നതാണ് ലിഥിയം ടൈറ്റനേറ്റ്. ഇത് ഉപയാഗിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളില്‍ സംഭവിക്കുന്ന തീപിടുത്തം, പൊട്ടിത്തെറി എന്നിവ ഒഴിവാക്കാന്‍ സാധിക്കും. കാര്‍ബണ്‍ ബാറ്ററികളെക്കാള്‍ 10 മുതല്‍ 20 മടങ്ങു വരെ കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതുമാണ് ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്ന ബാറ്ററികള്‍. ഒപ്പം ചാര്‍ജ് ചെയ്യാന്‍ സമയവും കുറവ് മതി. പ്രവര്‍ത്തന സമയത്ത് താപം സൃഷ്ടിക്കാത്ത ഇത്തരം ബാറ്ററികളാണെങ്കില്‍ വാഹനങ്ങളില്‍ ഇന്നുപയോഗിക്കുന്നതുപോലുള്ള ശീതീകരണ സംവിധാനങ്ങളും ഒഴിവാക്കാനാകും.

ടൈറ്റാനിയം ഡയോക്സൈഡ് വ്യവസായ രംഗത്ത് ഏഷ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും അനറ്റൈസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റെക്കോഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി 2017 മുതല്‍ 19 വരെ വര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായിരുന്നു. രാജ്യത്ത് വിലകുറഞ്ഞ ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ടി ടി പി എല്‍ വിപണിയില്‍ ശക്തമായ മത്സരമാണ് നേരിടുന്നത്. എന്നാല്‍, ഉല്‍പന്നങ്ങളുടെ ഗുണനിലവാരമാണ് കമ്പനിയെ മുന്നില്‍ നിര്‍ത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved