എമിറേറ്റ്‌സില്‍ റീഫണ്ടിനായി അഞ്ച് ലക്ഷത്തോളം അപേക്ഷകള്‍; നടപടികള്‍ ഊര്‍ജിതമാക്കി കമ്പനി

April 29, 2020 |
|
News

                  എമിറേറ്റ്‌സില്‍ റീഫണ്ടിനായി അഞ്ച് ലക്ഷത്തോളം അപേക്ഷകള്‍; നടപടികള്‍ ഊര്‍ജിതമാക്കി കമ്പനി

ദുബായ്: അഞ്ച് ലക്ഷത്തോളം വരുന്ന റീഫണ്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശക്തമാക്കിവരികയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന് ശേഷമാണ് എമിറേറ്റ്സില്‍ റീഫണ്ട് അപേക്ഷകള്‍ കുത്തനെ ഉയര്‍ന്നത്.

കരുതല്‍ ധനശേഖരം ഉപയോഗിച്ചാണ് അപേക്ഷകര്‍ക്ക് കമ്പനി പണം തിരികെ നല്‍കുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞു. ഓഗസ്റ്റോടെ നിലവിലെ അപേക്ഷകളില്‍ തീര്‍പ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്ക് മുമ്പ് ശരാശരി 35,000 റീഫണ്ട് അപേക്ഷകളാണ് എമിറേറ്റ്സ് ഒരു മാസം കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ നിലവിലത് 300 ശതമാനം വര്‍ധിച്ച് 150,000മായി മാറി.

എല്ലാ വിമാനക്കമ്പനികളെയും പോലെ വളരെ ബുട്ടിമുട്ടേറിയ സമയത്തിലൂടെയാണ് എമിറേറ്റ്സ് നീങ്ങുന്നതെന്ന് കമ്പനി പറഞ്ഞു. റീഫണ്ട് അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കരുതല്‍ ധനശേഖരത്തെയാണ് ഇപ്പോള്‍ കമ്പനി ആശ്രയിക്കുന്നത്. റീഫണ്ട് അപേക്ഷകളെ വളരെ പ്രധാന്യത്തോടെയാണ് കമ്പനി കാണുന്നതെന്നും ഉപഭോക്താക്കള്‍ക്കും വ്യാപാര പങ്കാളികള്‍ക്കും ഉറപ്പുനല്‍കുകയാണെന്നും ഏറ്റവും വേഗത്തില്‍ റീഫണ്ടുകള്‍ ലഭ്യമാക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.

ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി കൂടുതല്‍ ലളിതമായ രീതിയിലേക്ക് കോവിഡ്-19 സമാശ്വാസ നയം മാറ്റിയെഴുതിയതോടെ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. റീഫണ്ടുകള്‍ക്കും റീബുക്കിംഗിനും ആദ്യം അപേക്ഷകള്‍ സമര്‍പ്പിച്ചവരെ നേരിട്ട് ബന്ധപ്പെട്ട് അവര്‍ക്ക് ലഭ്യമായ പുതിയ അവസരങ്ങളെ കുറിച്ച് വിശദീകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved