
കൊച്ചി: മൂന്നു പതിറ്റാണ്ടായി ഫെഡറല്‍ ബാങ്കുമായി നിലനിന്ന നിയമ യുദ്ധം അവസാനിപ്പിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 73.21 കോടി രൂപ ബാങ്കിനു കൈമാറി. ഇപിഎഫ് പദ്ധതിയില്‍ നിന്നു പുറത്തു വന്ന് സ്വന്തമായി പിഎഫ് ട്രസ്റ്റ് രൂപീകരിച്ച ബാങ്കിന്റെ ഫണ്ട് കൈമാറ്റവും പലിശയുടെ കണക്കു കൂട്ടലും സംബന്ധിച്ച തര്‍ക്കങ്ങളാണു ദീര്‍ഘകാലത്തെ കേസില്‍ കലാശിച്ചത്. സുപ്രീംകോടതിയില്‍ നിന്നു തിരിച്ചടി നേരിടുകയും പിന്നാലെ കോടതിയലക്ഷ്യ ഹര്‍ജി നേരിടേണ്ടി വരികയും ചെയ്തതോടെയാണു പിഎഫ് ഓര്‍ഗനൈസേഷന്‍ തുക അനുവദിച്ചത്.
സമാന സാഹചര്യത്തില്‍ പല സ്ഥാപനങ്ങളുടെയും ഫണ്ട് കൈമാറ്റം നിയമ കുരുക്കിലാണ്. പിഎഫ് ഓര്‍ഗനൈസേഷന്റെ അനുമതിയോടെ 1992ലാണു ഫെഡറല്‍ ബാങ്ക് സ്വന്തം പിഎഫ് ട്രസ്റ്റ് രൂപീകരിച്ചത്. പിഎഫ് തുകയും കുടുംബ പെന്‍ഷനും മറ്റ് അക്കൗണ്ടുകളും പലിശ സഹിതം കൈമാറണമെന്ന് ആവശ്യപ്പെട്ട് 1993ല്‍ കേസ് തുടങ്ങി. ഒടുവില്‍, 2021 നവംബര്‍ 12ലെ സുപ്രീംകോടതി വിധിക്കു ശേഷം ബാങ്ക് 78.64 കോടി രൂപയുടെ ക്ലെയിം പിഎഫ് ഓര്‍ഗനൈസേഷനു സമര്‍പ്പിച്ചിരുന്നു.
പിഎഫ് ഫണ്ടിന്റെ മുതലും പലിശയുടെ ഒരു ഭാഗവും ഇതിനിടെ അനുവദിച്ചു കിട്ടിയെങ്കിലും പേയ്‌മെന്റ് വൈകിയതിന്റെ പലിശ ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതി വരെ നീണ്ടു. പിഎഫ് ഓര്‍ഗനൈസേഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ, വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചു റീജനല്‍ പിഎഫ് കമ്മിഷണര്‍ക്കെതിരെ ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ഫെഡറല്‍ ബാങ്ക് റിട്ടയേഡ് ഓഫിസേഴ്‌സ് ഫോറവും കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ബാങ്കും നടപടിക്കു നീക്കം തുടങ്ങിയ സാഹചര്യത്തിലാണു തുക അനുവദിച്ചത്. 2017ല്‍ 1.52 കോടി അനുവദിച്ചതിനു പുറമേയാണിത്. 1993 മേയ് 31നു മുന്‍പു സര്‍വീസില്‍ ഉണ്ടായിരുന്നതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.