
രാജ്യത്ത് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കായി പ്രധാന സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കായുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, നിലവില്‍ ഏതെങ്കിലും സാമൂഹിക സുരക്ഷാ പദ്ധതിയില്‍പ്പെടാത്ത 90 ശതമാനം തൊഴിലാളികളിലേക്കും സുരക്ഷാ പരിരക്ഷ വിപുലീകരിക്കാന്‍ കഴിയുന്നൊരു നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
നിലവില്‍ കുറഞ്ഞത് 10 ജീവനക്കാരുള്ള ഓര്‍ഗനൈസേഷനുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഇപിഎഫ്ഒ നടത്തുന്ന പ്രോവിഡന്റ് ഫണ്ടിലേക്കും പെന്‍ഷന്‍ പദ്ധതികളിലേക്കും വരിക്കാരാകാന്‍ യോഗ്യതയുള്ളൂ. ഈ നീക്കത്തിലൂടെ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, മറ്റ് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് ഏകദേശം 60 ദശലക്ഷം ജീവനക്കാരുടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാരാകാന്‍ സാധിക്കും.
സ്ഥാപന കേന്ദ്രീകൃതമായതിനേക്കാള്‍ ഇപിഎഫ്ഒയെ വ്യക്തി കേന്ദ്രീകൃതമാക്കാനുള്ള ആശയമാണ് നിലവില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അവതരിപ്പിച്ച സാമൂഹിക സുരക്ഷാ കോഡ് ബില്‍ പാസാക്കിയതിന് ശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 8 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ സാമൂഹിക സുരക്ഷാ കോഡ് ഉള്‍ക്കൊള്ളുന്നുവെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
സാമൂഹ്യ സുരക്ഷാ ഓര്‍ഗനൈസേഷന് കീഴിലുള്ള നിലവിലെ സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രക്രിയ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, വ്യക്തികള്‍ക്കായി ഇപിഎഫ്ഒ ആരംഭിക്കുന്നത് സാമൂഹ്യ സുരക്ഷയെ മുന്നോട്ടുനയിക്കുന്ന ഫലപ്രദമായ നടപടിയായിട്ടാണ് കാണപ്പെടുന്നത്. വ്യക്തിഗത വരിക്കാര്‍ക്ക് ഈ പദ്ധതി ലഭ്യമാക്കണമെന്ന് തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചതായും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ബിസിനസ് ഡെയ്ലി പറയുന്നു.
ഇപിഎഫിന്റെ ഭാഗമാകുന്ന ഏതെങ്കിലും വ്യക്തിയ്ക്കോ സ്വയം തൊഴില്‍ ജീവനക്കാര്‍ക്കോ ഇപിഎഫ്, എംപി ആക്ട് ബാധകമാകാനുള്ള സാധ്യതയുണ്ടെന്ന് അടുത്തിടെ പാനല്‍ പറഞ്ഞിരുന്നു. ഇപിഎഫ്, എംപി ആക്ട് പ്രകാരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീം, എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് സ്‌കീം, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന തൊഴിലുടമ അടിസ്ഥാന ശമ്പളത്തിന്റെ 13%, ജീവനക്കാരന്‍ 12 % എന്നിങ്ങനെ സംഭാവന ചെയ്യുന്നു.