
കൊച്ചി: കേരളം ആസ്ഥാനമായ 'ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്' പ്രാഥമിക ഓഹരി വില്പന (ഐപിഒ) യിലൂടെ 997.78 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ 'സെബി'ക്ക് സമര്‍പ്പിച്ചു. 997.78 കോടി രൂപയില്‍ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളില്‍ ചിലരുടെയും ഓഹരിയില്‍ ഒരു പങ്ക് വില്‍ക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക. ഇതില്‍, പി. എന്‍.ബി. മെറ്റ്ലൈഫ്, ബജാജ് അലയന്‍സ് ലൈഫ്, പി.ഐ. വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും ജോണ്‍ ചാക്കോളയും ഉള്‍പ്പെടുന്നു.
ഭാവിയിലേക്കുള്ള മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതുതായി സമാഹരിക്കുന്ന തുകയില്‍ നല്ലൊരു ഭാഗം ചെലവഴിക്കുക. വായ്പാ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ നിന്ന് നിറവേറ്റാനാകും. ഐ.പി.ഒ.യ്ക്കു മുന്നോടിയായി മറ്റൊരു 300 കോടി രൂപ കൂടി സമാഹരിക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്.ആക്സിസ് കാപ്പിറ്റല്‍, എഡെല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.സി. ഐ.സി.ഐ. സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എല്‍. സെക്യൂരിറ്റീസ് എന്നിവയാണ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍.
1992-ല്‍ കെ. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ മൈക്രോഫിനാന്‍സ് സംരംഭമായി തുടങ്ങിയ ഇസാഫ്, 2017 മാര്‍ച്ചിലാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയത്. നിലവില്‍ കേരളം അടക്കം 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 550 ശാഖകളും 421 കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളും 12 ബിസിനസ് കറസ്‌പോണ്ടന്റുമാരുമുണ്ട് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്. 46.8 ലക്ഷമാണ് ഇടപാടുകാരുടെ എണ്ണം.
സൂക്ഷ്മ വായ്പകള്‍, സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍, കോര്‍പ്പറേറ്റ് വായ്പകള്‍, കാര്‍ഷിക വായ്പകള്‍ എന്നിവ നല്‍കിപ്പോരുന്ന ബാങ്കിന്റെ മൊത്തം വായ്പ 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 8,415 കോടി രൂപയാണ്. മൊത്തം നിക്ഷേപം 8,999.43 കോടി രൂപയും. ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള ഊന്നല്‍ തുടരുമെന്ന് കരടുരേഖയില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളില്‍ എന്‍.ആര്‍.ഐ. നിക്ഷേപം, കറന്റ് അക്കൗണ്ട് - സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം എന്നിവയിലായിരിക്കും ഊന്നല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തം വരുമാനം 1,767.28 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അറ്റാദായം 105.40 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 24.23 ശതമാനവും.