
കേരളത്തില്‍ നിന്നുള്ള രണ്ട് കമ്പനികളുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം നീണ്ടുപോകുന്നു. ഐപിഒ നടത്താന്‍ ഒക്ടോബറില്‍ സെബിയില്‍ നിന്ന് അനുമതി ലഭിച്ച ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉടനടി ഓഹരി വിപണിയിലേക്കില്ലെന്നാണ് സൂചന. 2022 ഒക്ടോബര്‍ വരെ സെബിയുടെ അനുമതിക്ക് കാലാവധിയുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഐപിഒ നടത്താന്‍ സെബി നേരത്തെ നല്‍കിയ അനുമതിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഒക്ടോബറില്‍ വീണ്ടും ഇസാഫ് സെബി അനുമതി നേടിയത്. അടുത്ത വര്‍ഷം ഐപിഒ നടക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
രാജ്യത്തെ അരഡസനോളം സ്മോള്‍ ഫിനാന്‍സ്, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ സെബിയില്‍ നിന്ന് ഐപിഒയ്ക്കുള്ള അനുമതി നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ഉടനടി വിപണി പ്രവേശം നടത്താന്‍ ഇടയില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കമ്പനികളുടെ വാല്വേഷന്‍ സംബന്ധിച്ചുള്ള ചില പ്രശ്നങ്ങളും തിരക്കിട്ട് ലിസ്റ്റിംഗ് നടത്തുന്നതില്‍ നിന്ന് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസാഫിനെ പുറമേ ജന, ഫിന്‍കെയര്‍, ഉത്കര്‍ഷ് തുടങ്ങിയ സ്മോള്‍ ഫിനാന്‍സ് കമ്പനികള്‍ക്കും സെബിയില്‍ നിന്ന് ഐപിഒ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഉത്കര്‍ഷിന് ജൂണിലാണ് അനുമതി ലഭിച്ചത്; ഫിന്‍കെയറിന് ജൂലൈയിലും. ഓഹരി വിപണി സൂചികകള്‍ കുതിച്ചുകയറിയ അവസരത്തിലും ഇവ ലിസ്റ്റിംഗ് നടത്താതെ മാറി നിന്നതിന് കാരണം വാല്വേഷന്‍ സംബന്ധമായ കാര്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉടന്‍ ഓഹരി വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പല മൈക്രോഫിനാന്‍സ് കമ്പനികളും തിടുക്കം കാണിക്കാത്തതിന് കാരണവും ഇതുതന്നെയാണെന്ന് സൂചനയുണ്ട്. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ എന്നിവയുടെ ആസ്തി ഗുണമേന്മ, അവയ്ക്ക് ലഭിക്കുന്ന ഫണ്ടിന്റെ ഉയര്‍ന്ന ചെലവ്, കോവിഡ് കാലത്ത് കിട്ടാക്കടം ഉയര്‍ന്നത് എന്നിവയെല്ലാം നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതാണ് ഈ കമ്പനികളുടെ വാല്വേഷനെ ബാധിക്കുന്നതും.
പോപ്പുലര്‍ വെഹ്ക്ക്ള്‍സ് ആന്‍ഡ് സര്‍വീസസിന്റെ ഐപിഒ ജനുവരിയില്‍ നടക്കുമെന്നാണ് ഇപ്പോള്‍ സൂചന. വിപണിയില്‍ നിന്ന് 700 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ വെഹ്ക്ക്ള്‍സ് ഐപിഒ വരുന്നത്. 1000 കോടി രൂപയാണ് ഇസാഫിന്റെ സമാഹരണ ലക്ഷ്യം. മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയും പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന ഇതര കേരള കമ്പനികളാണ്.