വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കാനൊരുങ്ങി ബിപിസിഎല്‍

May 31, 2022 |
|
News

                  വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കാനൊരുങ്ങി ബിപിസിഎല്‍

ബൗണ്‍സ് ഇന്‍ഫിനിറ്റി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) സഹകരിച്ച് പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ പമ്പുകളില്‍ ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കുമെന്നാണു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പമ്പ് ഔട്ട്ലെറ്റുകളിലാകും സേവനം അവതരിപ്പിക്കുക. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണം മനകിലാക്കിയ ശേഷമാകും തുടര്‍നടപടികള്‍.

ബംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പിങ് സേവനം ഘട്ടം ഘട്ടമായി പ്രധാന മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, മികച്ച 10 നഗരങ്ങളിലായി 3,000 സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബൗണ്‍സ് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കും, മുച്ചക്ര വാഹനങ്ങള്‍ക്കും പരസ്പരം പ്രവര്‍ത്തിപ്പിക്കാവുന്ന പങ്കാളികളെ പിന്തുണയ്ക്കുന്നതാകും പദ്ധതി. നഗര വിപണികളില്‍ ഊന്നല്‍ നല്‍കുന്ന പങ്കാളിത്തം രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുള്ള ബി.പി.സി.എല്ലിന്റെ മൊത്തത്തിലുള്ള ഇവി ചാര്‍ജിങ് റോഡ്മാപ്പിനെ പിന്തുണയ്ക്കുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ നിറയുമ്പേഴേക്കും വിപണി പിടിച്ചടക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.

രാജ്യത്ത് ഇലക്ട്രിക് വാഹന രജിസ്ട്രേഷന്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിവേഗ ചാര്‍ജിങ് സംവിധാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നതോടെ മേഖല പുരോഗതി കൈവരിക്കുമെന്നാണു വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍ വില വര്‍ധന ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മാസങ്ങള്‍ക്കു ശേഷം ഇന്ന് ആഗോള എണ്ണവില വീണ്ടും 120 ഡോളറിനു മുകളില്‍ എത്തിയിരികക്കുകയാണ്. പണപ്പെരുപ്പം തടയാനായി സര്‍ക്കാര്‍ സമ്മര്‍ദം ഉള്ളതിനാല്‍ മാത്രമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാത്തത്. അതേസമയം ഈ ഇളവ് അധികം തുടരാനാകില്ലെന്നാണു വിലയിരുത്തല്‍. ഇന്ധനവിലയില്‍ സമ്മര്‍ദം തുടര്‍ന്നാല്‍ എല്‍.പി.ജി. സിലിണ്ടര്‍ വില കുതിക്കാനും സാധ്യതയുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved