
ന്യൂഡല്‍ഹി: അഴിമതിയുടെയൂം തെറ്റായ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് (ഐഎല്‍ ആന്‍ഡ് ഐഎഫ്എസ്) മുന്‍ ചെയര്‍മാന്‍ ഹരി ശങ്കരനെ മുംബൈ മെട്രോപൊളിറ്റിയന്‍ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹരിശങ്കരനെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഹരിശങ്കരനെ ബൈകുല്ലാ ജയിലിലെ സ്‌പെഷല്‍ സെല്ലിലായിരുന്നു പാര്‍പ്പിച്ചത്. അറസ്റ്റിനെതിരെ ഹരിശങ്കരന്‍ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയെന്നാണ് സൂചന.
കമ്പനി ആക്ട് പ്രകാരം 447ാം വകുപ്പ് ചുമത്തിയാണ് ഹരിശങ്കരനെ അറസ്റ്റ്‌ചെയ്തത്. അതേസമയം, ഐഎല്‍ ആന്‍ഡ് എഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മുന്‍ ഡയറക്ടറായ ആര്‍സി ബാവയ്‌ക്കെതിരെയും നടപടികള്‍ എടുത്തേക്കും. ഇവരുടെ ഓഫീസുകളിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം ഉണ്ടായേക്കും.എസ്എഫ്‌ഐഒ കൂടുതല്‍ നടപടികള്‍ എടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം എസ്എഫ്‌ഐഒ ആര്‍സി ബാവയുടെ ഓഫീസില്‍ മിന്നല്‍ പരിശോധനയും നടത്തിയിരുന്നു. ആര്‍സി ബാവയുടെ കൈവശമുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ ലക്ഷ്യം.