ഉപരോധത്തില്‍ വലഞ്ഞ് കയറ്റുമതിക്കാര്‍; പ്രതിഫലം ലഭിക്കുന്നില്ല; ആര്‍ബിഐ സഹായം വേണം

April 02, 2022 |
|
News

                  ഉപരോധത്തില്‍ വലഞ്ഞ് കയറ്റുമതിക്കാര്‍; പ്രതിഫലം ലഭിക്കുന്നില്ല; ആര്‍ബിഐ സഹായം വേണം

മുംബൈ: അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതി ഇടപാടുകള്‍ തടസ്സപ്പെട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ഇടപാടുകളാണ് ഇത്തരത്തില്‍ നേരിടുന്നത്.

ഇതേ തുടര്‍ന്ന് റഷ്യയിലേക്കുള്ള തേയില, സ്റ്റീല്‍, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കാര്‍ സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും സഹായം തേടി. ഒരു മാസത്തിലേറെയായി ഫണ്ട് ഒഴുക്ക് തടസപ്പെടുന്നത് കയറ്റുമതി സ്ഥാപനങ്ങളുടെ ലിക്വഡിറ്റിയെ ബാധിക്കുന്നുണ്ട്.  തൊഴിലാളികള്‍ക്കും വിതരണക്കാര്‍ക്കുമുള്ള പണമിടപാടുകള്‍ വൈകിപ്പിക്കുകയും വായ്പാതിരിച്ചടവിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പല തേയില കയറ്റുമതിക്കാര്‍ക്കും റഷ്യന്‍ കമ്പനികളില്‍ നിന്ന് പേയ്‌മെന്റുകള്‍ ലഭിച്ചിട്ടില്ല.

ഉപരോധത്തിന്റെ ഭാഗമായി വേഗതയേറിയ രാജ്യാന്തര സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കിയിരുന്നു. സ്വിഫ്റ്റിന്റെ അഭാവത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാനുള്ള ബദല്‍ സംവിധാനം സ്വീകരിച്ച് വരികയാണ്. റഷ്യയിലേക്കുള്ള ഏറ്റവും വലിയ തേയില കയറ്റുമതിക്കാരാണ് ഇന്ത്യ. പ്രതിവര്‍ഷം 43-45 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയുന്നുണ്ട്. ഇതില്‍ 20-25 ദശലക്ഷം കിലോഗ്രാം ദക്ഷിണേന്ത്യയിലെ എസ്റ്റേറ്റുകളില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ചില സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ പേയ്മെന്റുകള്‍ മുടങ്ങിയതിനെക്കുറിച്ച് സെന്‍ട്രല്‍ ബാങ്കിന് കത്തെഴുതാനും പദ്ധതിയിടുന്നു. ഫാര്‍മ കമ്പനികളും പ്രശ്‌നം ഏറ്റെടുക്കുന്നുണ്ട്.

ബാങ്ക് ഓഫ് ബറോഡ ഇക്കണോമിക് റിസര്‍ച്ച് ഡാറ്റ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തിലെ 10 മാസങ്ങളില്‍ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7.90 ബില്യണ്‍ ഡോളറിനെതിരെ 2.85 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയില്‍ സാന്നിധ്യമുള്ള വലിയ റഷ്യന്‍ ബാങ്കുകളില്‍ വിടിബി, സെര്‍ബാങ്ക്, ഗാസ്‌പ്രോംബാങ്ക് എന്നിവ ഉള്‍പ്പെടുന്നു. റഷ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വികസന ബാങ്കായ വിഇബിയും ഇത്തരം വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ മോസ്‌കോയുടെ സ്വിഫ്റ്റിലേക്കുള്ള പ്രവേശനത്തെ റദ്ദ് ചെയ്തതിന് ശേഷം ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിന് വിഇബിയും ആര്‍ബിഐയും ഒരു ബദല്‍ ഇടപാട് പ്ലാറ്റ്‌ഫോം അന്തിമമാക്കിയിട്ടുണ്ടെന്ന് മാര്‍ച്ച് 30 ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read more topics: # RBI, # Russia, # റഷ്യ,

Related Articles

© 2025 Financial Views. All Rights Reserved