
വാഷിങ്ടണ്‍: ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ ഭാവിയില്‍ ഒഴിവാക്കി മുമ്പോട്ട് പോകുന്നതിനായാണ് ഫേസ്ബുക്ക് സ്വന്തം ഓഎസ് വികസിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്റിറ്റിയുടെ സഹനിര്‍മാതാവായ മാര്‍ക് ലുകോവ്‌സ്‌കിയെയാണ് ഫേസ്ബുക്ക് ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.ഫേസ്ബുക്കിന്റെ ഓകുലസ് ,ഓഗ്മെന്റ് റിയാലിറ്റി ഗ്ലാസുകള്‍ എന്നീ ഉപകരണങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ ഓഎസ് ഉപയോഗിക്കുക.
സ്വന്തം ഓഎസ് യാഥാര്‍ത്ഥ്യമായാല്‍ നിലവില്‍ ഗാഡ്ജറ്റ് നിര്‍മാണത്തില്‍ ഗൂഗിളുമായി നടക്കുന്ന സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. ഭാവിതലമുറയില്‍ ചുവടുറപ്പിക്കണമെങ്കില്‍ വിപണിയേയോ പ്രതിയോഗികളെയോ ആശ്രയിക്കുന്നത് മണ്ടത്തരമായിരിക്കുമെന്ന കണക്കുകൂട്ടലാണ് പുതിയ തീരുമാനത്തിന് പിറകിലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. നേരത്തെ യുഎസ് നിരോധനത്തെ തുടര്‍ന്ന് ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി വാവെയും തങ്ങളുടെ സ്വന്തം ഓഎസ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് കമ്പനിക്ക് വിലക്കിയ സാഹചര്യത്തിലാണ് തീരുമാനം. വരും കാലങ്ങളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ ഒഴിവാക്കി മുമ്പോട്ട്‌പോകേണ്ടതിനെ കുറിച്ചാണ് സാങ്കേതികവിദ്യാ സംരംഭകര്‍ ആലോചിച്ച് തുടങ്ങിയെന്ന് വേണം കരുതാന്‍. നിരവധി ആഗോളകമ്പനികളുടെ സഹകരണത്തോടെ വികസിപ്പിച്ചതാണ് ആന്‍ഡ്രോയിഡ്. ഇതിനെയാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. എന്നാല്‍ വ്യാപാരകരാറുകളും മറ്റ് വിഷയങ്ങളിലും ഭാവിയിലുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കും ഈ ഓഎസ് നിഷേധിക്കപ്പെടുമോ എന്ന ആശങ്ക കമ്പനികള്‍ക്കുണ്ട്.