ഫെയര്‍ഫാക്‌സ് ഇന്ത്യക്ക് 253.8 മില്യണ്‍ ഡോളര്‍ ത്രൈമാസ നഷ്ടം

May 05, 2020 |
|
News

                  ഫെയര്‍ഫാക്‌സ് ഇന്ത്യക്ക് 253.8 മില്യണ്‍ ഡോളര്‍ ത്രൈമാസ നഷ്ടം

പ്രേം വാട്സയുടെ നേതൃത്വത്തിലുള്ള ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ് കോര്‍പ്പറേഷന് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലുണ്ടായത് 253.8 മില്യണ്‍ ഡോളറിന്റെ നഷ്ടം. സിഎസ്ബി ബാങ്കില്‍ ഉള്‍പ്പെടെ മികച്ച തോതില്‍ നിക്ഷേപമുള്ള കമ്പനിക്ക് 2019 ന്റെ ആദ്യ പാദത്തില്‍ 52.6 മില്യണ്‍ ഡോളറായിരുന്നു നഷ്ടം.

ഇന്ത്യയില്‍ നിക്ഷേപിച്ച ഓഹരികളുടെ വിപണി വിലയിലുണ്ടായ ഇടിവാണ് പ്രധാനമായും നഷ്ടത്തിനു കാരണമെന്ന് കമ്പനി അറിയിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമായതിനാല്‍ 165.4 മില്യണ്‍ ഡോളറിന്റെ വിദേശനാണ്യ നഷ്ടവും കമ്പനി രേഖപ്പെടുത്തി.  സിഎസ്ബി ബാങ്കില്‍ 105.4 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ് കോര്‍പ്പറേഷനുള്ളത്.കഴിഞ്ഞ നവംബറില്‍ ഐപിഒ നടന്നപ്പോള്‍ സിഎസ്ബി ഓഹരിവില 195 രൂപയായിരുന്നത് കുതിച്ചുയര്‍ന്നശേഷം ഇപ്പോള്‍ ഏകദേശം 118 രൂപയാണ്.

വിവിധ ഓഹരികളിലായുള്ള ഇന്ത്യയിലെ മൊത്തം നിക്ഷേപം 274.3 മില്യണ്‍ ഡോളര്‍ വരും.ഐഐഎഫ്എല്‍ ഫിനാന്‍സ് (77.1 ദശലക്ഷം ഡോളര്‍), ഫെയര്‍കെം (16.4 ദശലക്ഷം ഡോളര്‍), ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് (11.8 ദശലക്ഷം ഡോളര്‍), 5 പൈസ (7.6 ദശലക്ഷം ഡോളര്‍) തുടങ്ങിയവയിലുമുണ്ട് നിക്ഷേപം.

അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിലും ഫെയര്‍ഫാക്സ് ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. കമ്പനിയുടെ പക്കലുള്ള നീക്കിയരിപ്പും വിപണന സെക്യൂരിറ്റികളും ഏകദേശം 217 മില്യണ്‍ ഡോളര്‍ ആണ്. 50 ദശലക്ഷം ഡോളറിന്റെ ക്രെഡിറ്റ് സൗകര്യവും  ലഭ്യമാണ്. കമ്പനി സാധാരണ നിലയില്‍ തന്നെ ഓഹരികള്‍ തിരിച്ചു വാങ്ങുന്നത് തുടരുന്നുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved