കുടുംബ പെന്‍ഷന്‍ പരിഷ്‌കരണം: ഉയര്‍ന്ന പരിധി പ്രതിമാസം 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയാക്കി

February 13, 2021 |
|
News

                  കുടുംബ പെന്‍ഷന്‍ പരിഷ്‌കരണം: ഉയര്‍ന്ന പരിധി പ്രതിമാസം 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയാക്കി

ന്യൂഡല്‍ഹി: വലിയ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്ന കുടുംബ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പെന്‍ഷന്റെ ഉയര്‍ന്ന പരിധി പ്രതിമാസം 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ നടപടി മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും ('ഈസ് ഓഫ് ലിവിംഗ്') അവര്‍ക്ക് മതിയായ സാമ്പത്തിക സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ മരണശേഷം ഒരു കുട്ടിക്ക് രണ്ട് കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കേണ്ട തുകയെക്കുറിച്ച് പെന്‍ഷന്‍, പെന്‍ഷന്‍കാരുടെ ക്ഷേമം എന്നിവ സംബന്ധിച്ച വകുപ്പ് വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രണ്ട് കുടുംബ പെന്‍ഷനുകളും ചേര്‍ന്ന തുക ഇപ്പോള്‍ പ്രതിമാസം 1,25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മുമ്പ് നിശ്ചയിച്ചിരുന്ന പരിധിയേക്കാള്‍ രണ്ടര ഇരട്ടി കൂടുതലാണെന്നും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ചട്ടങ്ങള്‍ 1972 ന്റെ ചട്ടം 54, ഉപചട്ടം 11അനുസരിച്ച്,ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജോലിക്കാരാണെങ്കില്‍, അവരുടെ മരണശേഷം കുട്ടിക്ക്,മരണപ്പെട്ട മാതാപിതാക്കളുടെ രണ്ട് കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ട്.

അത്തരം കേസുകളില്‍ രണ്ട് പെന്‍ഷനുകളുടെ ആകെ തുക പ്രതിമാസം 45,000 രൂപയിലും 27,000 /  രൂപയിലും കവിയരുത് എന്നും ശമ്പളത്തിന്റെ 50%, 30% എന്ന നിരക്കുകളില്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതും,ഇത് ആറാം സി.പി.സി. ശുപാര്‍ശ പ്രകാരമുള്ള ഏറ്റവും ഉയര്‍ന്ന ശമ്പളമായ 90,000 ആയി നേരത്തെ കണക്കാക്കിയുള്ളതുമാണ്. ഏഴാം സി.പി.സി. ശുപാര്‍ശകള്‍ നടപ്പിലാക്കിയ ശേഷം ഏറ്റവും ഉയര്‍ന്ന ശമ്പളം പ്രതിമാസം 2,50,000 രൂപ, ആയതോടെ സി.സി.എസ്. (പെന്‍ഷന്‍) ചട്ടങ്ങളുടെ റൂള്‍ 54 (11) ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തുകയും പ്രതിമാസം 1,25,000 രൂപയായി പരിഷ്‌ക്കരിച്ചു. 250,000 രൂപയുടെ 50% - പ്രതിമാസം 125000 രൂപയും, 250,000 രൂപയുടെ 30% പ്രതിമാസം -75000 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.

വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും പുറത്തിറക്കിയ സൂചനകളില്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ചട്ടമനുസരിച്ച്, മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാണെങ്കില്‍ അവരില്‍ ഒരാള്‍ സേവനത്തിലായിരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരിക്കുകയാണെങ്കില്‍, മരണപ്പെട്ടയാളുടെ കുടുംബ പെന്‍ഷന്‍ ഭാര്യക്കോ / ഭര്‍ത്താവിനോ , അവരുടെ കാല ശേഷം കുട്ടിക്കും നല്‍കും.നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി കുട്ടിക്കും രണ്ട് കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകും.

Related Articles

© 2025 Financial Views. All Rights Reserved