
ഏവരേയും ആകര്‍ഷിക്കുന്ന രാജ്യമായി മാറുകയാണ് യുകെ. ഈ വേളയില്‍ തന്നെയാണ് ടെക്ക്‌നോളജി അടക്കമുള്ള മേഖലയിലെ മിടുമിടുക്കര്‍ക്ക് യുകെ വിസ എളുപ്പത്തില്‍ ലഭിക്കുന്ന നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുകെയിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ് യുവ പ്രതിഭകള്‍. പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പരിഷ്‌കരണത്തിലൂടെ സയന്‍സ്, ടെക്ക്‌നോളജി, ഇക്കോണോമിക്‌സ് അടക്കമുള്ള മേഖലയിലേക്ക് മികച്ച പ്രതിഭകളെ കണ്ടെത്താനാണ് നീക്കം.
ഓരോ വര്‍ഷവും നിരവധിയാളുകളാണ് യുകെയിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്. ടയര്‍ 1 അസാധാരണ ടാലന്റ് വിസയ്ക്ക് കീഴിലുള്ള അപേക്ഷകരുടെ പരിധി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിസ ഉടമകളെ ആശ്രയിക്കുന്നവര്‍ക്കും (ഡിപ്പെന്‍ഡന്റ്) രാജ്യത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള നിയമം ഉടന്‍ പരിഷ്‌കരിക്കുമെന്നും സൂചനകളുണ്ട്. യുകെയില്‍ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ തൊഴില്‍ വാഗ്ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്യാനുള്ള സാധ്യതയും യുകെ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഏറ്റവും മികച്ച ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്ന ഇമിഗ്രേഷന്‍ സംവിധാനമാകും ഇനി യുകെയുടേതെന്നും യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സമ്പദ്വ്യവസ്ഥയായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്നും യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ആളുകള്‍ രാജ്യത്തിന് എന്ത് സംഭാവന നല്‍കുമെന്നതിനെ ആശ്രയിച്ച് യുകെയില്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ റൂട്ട് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
രണ്ട് വര്‍ഷം മുമ്പ് പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി വഴിയാണ് കൂടുതല്‍ ആളുകളും കാനഡയില്‍ ജോലി തേടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 24,000 ത്തോളം ആളുകള്‍ തടസ്സരഹിതവും വേഗതയേറിയതുമായ ഈ മാര്‍ഗത്തിലൂടെ കാനഡയില്‍ എത്തിയിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളാണിത്. ഇതില്‍ നല്ലൊരു ശതമാനവും ഇന്ത്യാക്കാരണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.