
പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന വാഗ്ദാനവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2020-2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി -7.5 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ വിലയിരുത്തി. നേരത്തെ 9.5 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രവചനം. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവു പ്രതീക്ഷയില്‍ ഓഹരി വിപണികള്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 45000 പോയിന്റ് കടന്നു മുന്നേറി. അതേസമയം അടിസ്ഥാന നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയില്ല.
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മൂലം ജിഡിപിയിലുണ്ടായത് വലിയ തകര്‍ച്ചയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനം ഇടിവു നേരിട്ടു. കോവിഡ് പ്രതിരോധത്തിനായി സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് ഈ പാദത്തിലായിരുന്നു. രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥ 7.5 ശതമാനവും ചുരുങ്ങി. കഴിഞ്ഞ തവണത്തെ നയഅവലോകനയോഗത്തിനുശേഷം വാര്‍ഷിക ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകുമെന്ന പ്രവചനമാണ് ആര്‍ബിഐ നടത്തിയത്. എന്നാല്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിനു പ്രതീക്ഷിച്ചതിനെക്കാള്‍ വേഗമുണ്ടെന്നും 7.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂവെന്നുമുള്ള പ്രതീക്ഷയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നു പങ്കുവച്ചത്.
ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയരുന്നതു ശുഭ സൂചനയാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുന്നതിനാല്‍ സമ്പദ്വ്യവസ്ഥ ഉടന്‍ പോസിറ്റീവിലേക്കും തിരികെയെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മൂന്നാം പാദത്തില്‍ 0.1 ശതമാനം വളര്‍ച്ചയും നാലാം പാദത്തില്‍ .7 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രാജ്യത്തെ ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപിയില്‍ 9.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ജൂണ്‍ മാസത്തില്‍ 4.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ലോകബാങ്ക് വിലയിരുത്തിയത്.
അതേസമയം വായ്പാനിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനമായി തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയങ്ങള്‍ പ്രഖ്യപിക്കുന്നത്. നിലവില്‍ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 19 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ്. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന വായ്പകളുടെ നിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതാണ് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താത്തിന്റെ മറ്റൊരു കാരണം.
സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ തിരിച്ചുവരുമെന്ന ആര്‍ബിഐ പ്രവചനത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണര്‍വ്. സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 45000 പോയിന്റ് എന്ന നിലവാരത്തിലെത്തി. 14000 പോയിന്റിനടുത്താണ് നിഫ്റ്റി. പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷ വിപണികളിലുണ്ടായിരുന്നില്ല. ജിഡിപി നിരക്ക് മെച്ചപ്പെടുമെന്ന പ്രവചനവും പ്രതീക്ഷിത പണപ്പെരുപ്പത്തോതിന്റെ പരിധി ഉയര്‍ത്തിയതുമാണ് വിപണികളുടെ കുതിപ്പിന് ഇന്ധനമേകിയത്. ആര്‍ബിഐ പണനയപ്രഖ്യാപനത്തിനുശേഷം 320 പോയിന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. നിഫ്റ്റിയിലും 80 പോയിന്റിന്റെ നേട്ടമുണ്ടായി. ഇപ്പോള്‍ സെന്‍സെക്‌സ് 200 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.