
ദുബായ്: പ്രവാസികളുള്‍പ്പെടെയുള്ള റീട്ടെയില്‍ ഇടപാടുകാര്‍ക്ക് വിദേശകറന്‍സികളില്‍ അനായാസം ഇടപാട് നടത്താനുള്ള പുതിയ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. 'ഗിഫ്റ്റ് സിറ്റി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയിലെ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലൂടെയാണ് പ്രസ്തുത സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍സ് അതോറിറ്റി (ഐഎഫ്എസ്സിഎ) അടുത്തയിടെ നടപ്പിലാക്കിയ മാറ്റങ്ങളെ തുടര്‍ന്ന് വിദേശ കറന്‍സിയിലുള്ള വായ്പ, കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ റീട്ടെയ്ല്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ബാങ്കിന്റെ ഗിഫ്റ്റ് സിറ്റി ശാഖയില്‍ നിലവില്‍ ലഭ്യമായ ട്രേഡ് ഫിനാന്‍സ്, കോര്‍പ്പറേറ്റ് ലോണ്‍, ട്രഷറി ഉത്പന്നങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കു പുറമെയാണ് റീട്ടെയ്ല്‍ ഇടപാടുകാര്‍ക്കു വേണ്ടിയുള്ള പുതിയ സൗകര്യങ്ങള്‍. ഒരു വര്‍ഷത്തിനു താഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപം, വിദേശ കറന്‍സിയില്‍ വ്യക്തിഗത വായ്പകള്‍ തുടങ്ങി ഡിഐഎഫ്‌സി ദുബായ്, സിംഗപ്പൂര്‍, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലെ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള ഓഫ്‌ഷോര്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് ശാഖയിലും ലഭ്യമായിരിക്കുകയാണ്.
ഗിഫ്റ്റ് സിറ്റിയില്‍ തുടക്കം മുതല്‍ തന്നെ അംഗമായ ബാങ്കെന്ന നിലയില്‍ കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കായുള്ള നിരവധി പദ്ധതികള്‍ ഫെഡറല്‍ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സൗകര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അശുതോഷ് ഖജൂരിയ പ്രസ്താവിച്ചു.