
മുംബൈ: വെറും രണ്ടാഴ്ച്ച മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം ബാക്കിയുണ്ടെന്നിരിക്കേ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓര്‍മ്മപ്പെടുത്തലുമായി ആദായ നികുതി വകുപ്പ്. ജൂലായ് 31 ആണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇക്കുറി ഫോറം 16 അടക്കം നികുതി റിട്ടേണിനുള്ള രേഖകള്‍ കൈമാറുന്നതിനായി ജൂണ്‍-15 മുതല്‍ ജൂലായ് 10 വരെ തൊഴിലുടമയ്ക്ക് സമയം നീട്ടി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ സാധ്യതയുണ്ട്.
തൊഴിലുടമകള്‍ക്കെന്ന പോലെ നികുതി ദായകര്‍ക്കും സമയം നീട്ടി നല്‍കണമെന്ന ആവശ്യമുയര്‍ന്നതിനാലാണ് തീയതി നീട്ടാന്‍ ആലോചിക്കുന്നതെന്നാണ് സൂചന. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് ഈ മാസം 10ന് രേഖകള്‍ കിട്ടിയാല്‍ 20 ദിവസം മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി സമയം കിട്ടുക. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി അവസാന തീയതി വരെ കാത്തിരിക്കേണ്ടതില്ലെന്നും ഏതെങ്കിലും തരത്തില്‍ സാങ്കേതിക തടസ്സമുണ്ടായാല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വൈകുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേര്‍ക്കണമെന്ന് നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍ നികുതി കിഴിവിനുള്ള പലതും ഇതില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം. സമയം കഴിഞ്ഞാല്‍ നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമര്‍പ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം.
ഡിസംബര്‍ 31-നുമുമ്പാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. അതിനുശേഷം മാര്‍ച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതി വകുപ്പു നല്‍കുന്ന പലിശ ലഭിക്കുകയുമില്ല.