
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തണമെന്ന നിര്‍ദേശം കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചു. ആറു കോടി ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഉടന്‍ തന്നെ പിഎഫ് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് വിഹിതം വരവുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ചിലാണ് 2020-21 സാമ്പത്തികവര്‍ഷത്തെ പിഎഫ് പലിശനിരക്കായി 8.5 ശതമാനം പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് വര്‍ധിച്ചതും ജീവനക്കാരുടെ വിഹിതത്തില്‍ കുറവ് സംഭവിച്ചതുമാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലേക്ക് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ നയിച്ചത്. എന്നാല്‍ ധനമന്ത്രാലയം ഇതിന് അംഗീകാരം നല്‍കാന്‍ താമസിച്ചതോടെ ഇത് യാഥാര്‍ഥ്യമാകാന്‍ ആറുമാസത്തിലേറെ സമയമെടുത്തു. ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മറ്റു സര്‍ക്കാര്‍ പദ്ധതികളെ അപേക്ഷിച്ച് പിഎഫ് പലിശനിരക്ക് ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നതില്‍ ധനമന്ത്രാലയം ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും ലഘുസമ്പാദ്യ പദ്ധതികളുടെയും പലിശനിരക്കാണ് ഇതിനായി പ്രധാനമായി ധനമന്ത്രാലയം ഉയര്‍ത്തിക്കാണിച്ചത്. അതുകൊണ്ടാണ് മുന്‍ സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് അംഗീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത്. എന്നാല്‍ അടുത്തിടെ ധനമന്ത്രാലയത്തിലെയും തൊഴില്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തുകയായിരുന്നു.
മുന്‍ സാമ്പത്തികവര്‍ഷം 70,300 കോടി രൂപയാണ് വരുമാനമായി ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നത്. ഓഹരിനിക്ഷേപത്തിലൂടെ മാത്രം 4000 കോടിയാണ് പ്രതീക്ഷിക്കുന്നത്. കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെ 65000 കോടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ 8.5 ശതമാനം പലിശ നല്‍കാന്‍ തീരുമാനിച്ചാല്‍ 300 കോടി രൂപ മാത്രമേ അധികമായി അവശേഷിക്കൂ എന്നാണ് കണക്കുകൂട്ടല്‍. 2019-2020ല്‍ 1000 കോടി രൂപ അധികമായി ലഭിച്ചിരുന്നു. അന്നും പലിശനിരക്ക് 8.5 ശതമാനമായിരുന്നു.