
റിയാദ്: ഉപരോധം അവസാനിച്ച ശേഷം ആദ്യമായി ഖത്തര്‍ എയര്‍വേസിന്റെ വിമാനം സൗദി അറേബ്യയുടെ വ്യോമ പാതയിലൂടെ പറന്നു. വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗിലേക്കാണ് ആദ്യ വിമാനം പോയത്. തങ്ങളുടെ നിരവധി വിമാനങ്ങള്‍ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകള്‍ പൂര്‍ത്തിയായെന്നും ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ ട്വീറ്റ് ചെയ്തു.
2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി സൗഹൃദം അവസാനിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങള്‍ സൗദിയിലേക്കുള്ള സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും ഇതിനുള്ള നടപടികളും ഇരു ഭാഗത്തും തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ദിവസം തന്നെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ സൗദി വിമാനത്താവളങ്ങളില്‍ എത്തും. സൗദിക്കും ഖത്തറിനുമിടയിലെ സല്‍വ അതിര്‍ത്തിയും തുറന്നിട്ടുണ്ട്. കരമാര്‍ഗമുള്ള ഗതാഗതം ഇതിലൂടെ ഉടന്‍ ആരംഭിക്കും.