കേന്ദ്ര ബജറ്റ് രേഖകള്‍ അച്ചടിക്കില്ല; ചരിത്രത്തില്‍ ഇത് ആദ്യം

January 11, 2021 |
|
News

                  കേന്ദ്ര ബജറ്റ് രേഖകള്‍ അച്ചടിക്കില്ല; ചരിത്രത്തില്‍ ഇത് ആദ്യം

ന്യൂഡല്‍ഹി: കൊവിഡ് ആശങ്ക മുന്‍നിര്‍ത്തി ഈ വര്‍ഷം ബജറ്റ് രേഖകള്‍ അച്ചടിക്കില്ല. 1947ന് ശേഷം ഇതാദ്യമായാണ് അച്ചടിച്ച ബജറ്റ് രേഖകളില്ലാതെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഒരുങ്ങുന്നത്. ബജറ്റ് രേഖകള്‍ അച്ചടിക്കരുതെന്ന് പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അച്ചടിച്ച രേഖകള്‍ക്ക് പകരം ഡിജിറ്റല്‍ പകര്‍പ്പായിരിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കുക.

സാധാരണ രണ്ടാഴ്ച്ചകൊണ്ടാണ് ധനമന്ത്രാലയം അച്ചടിശാലയില്‍ നിന്നും ബജറ്റ് രേഖകള്‍ അച്ചടിക്കാറ്. എന്നാല്‍ പുതിയ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി അച്ചടിശാലയില്‍ നൂറലധികം ജീവനക്കാര്‍ എത്തുന്നത് രോഗവ്യാപനത്തിന് ഇടവരുത്താം. അതുകൊണ്ട് ഈ വര്‍ഷം ബജറ്റ് രേഖകള്‍ അച്ചടിക്കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്.

1947 നവംബര്‍ 26 -ലെ ആദ്യ ബജറ്റ് മുതല്‍ ഇതുവരെ ബജറ്റ് രേഖകള്‍ അച്ചടിച്ചുകൊണ്ടാണ് ബജറ്റ് സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം ആരംഭിക്കാറ്. ബജറ്റ് രേഖകള്‍ അച്ചടിക്കും മുന്‍പ് സവിശേഷമായ 'ഹല്‍വാ ചടങ്ങും' ധനമന്ത്രാലയം നടത്താറുണ്ട്. നോര്‍ത്ത് ബ്ലോക്കിന്റെ ഏറ്റവും താഴത്തെ നിലയില്‍വെച്ച് ഉണ്ടാക്കുന്ന ഹല്‍വാ ഏവര്‍ക്കും വിതരണം ചെയ്തുകൊണ്ടാണ് ബജറ്റ് രേഖകള്‍ അച്ചടിക്കാന്‍ ആരംഭിക്കുന്നതും. എന്നാല്‍ ഇത്തവണ ബജറ്റ് രേഖകള്‍ അച്ചടിക്കാത്ത സാഹചര്യത്തില്‍ ഹല്‍വാ ചടങ്ങ് നടക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് ദിനം രേഖകള്‍ തുകല്‍പ്പെട്ടിയ്ക്കകത്ത് സൂക്ഷിച്ചാണ് ധനമന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്താറ്. എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും നിര്‍മല സീതാരാമന്‍ തുകല്‍പ്പെട്ടി ഉപേക്ഷിച്ചു; പകരം പരമ്പരാഗത ബഹി ഖാട്ട എന്ന ചുവപ്പു തുണിയിലാണ് രേഖകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. ഈ വര്‍ഷം ജനുവരി 29 -നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ഇതേദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്യും; ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണം നടക്കും.

ഫെബ്രുവരി 15 വരെയാണ് ആദ്യഘട്ട ബജറ്റ് സമ്മേളനം. ശേഷം മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം നീളും. കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ വര്‍ഷം ബജറ്റ് സമ്മേളനം നടക്കുക. ഇരു സഭകളും നാലു മണിക്കൂര്‍ വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

Related Articles

© 2025 Financial Views. All Rights Reserved