
ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ ധനക്കമ്മി 6.62 ട്രില്യണ്‍ അഥവാ ബജറ്റ് എസ്റ്റിമേറ്റിന്റെ 83.2 ശതമാനമായി ഉയര്‍ന്നു. പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം നികുതി പിരിവ് മോശമായതാണ് ധനക്കമ്മി ഉയര്‍ന്ന നിലയിലേക്ക് പോകാന്‍ ഇടയാക്കിയത്.
ബജറ്റ് എസ്റ്റിമേറ്റിന്റെ 61.4 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ധനക്കമ്മി. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ 2020-21 ലെ ധനക്കമ്മി 7.96 ട്രില്യണ്‍ അല്ലെങ്കില്‍ ജിഡിപിയുടെ 3.5 ശതമാനമായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. കോവിഡ് -19 പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക തടസ്സങ്ങള്‍ കണക്കിലെടുത്ത് ഈ കണക്കുകള്‍ ഗണ്യമായി പരിഷ്‌കരിക്കേണ്ടതുണ്ട്.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) യുടെ കണക്കനുസരിച്ച് ജൂണ്‍ അവസാനത്തോടെ ധനക്കമ്മി 6,62,363 കോടി രൂപയായിരുന്നു. ധനക്കമ്മി 2019-20ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.6 ശതമാനമായി മാറി. പ്രധാനമായും ലോക്ക്ഡൗണ്‍ മൂലം വരുമാന വര്‍ധനവ് ഉണ്ടാകാത്തതാണ് ഇതിന് കാരണം.