
മുംബൈ: ബിഡ്ഡര്‍ കണ്‍സോര്‍ഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള പ്രക്രിയയിലെ സങ്കീര്‍ണ്ണതയും മൂലം പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സ്വകാര്യവല്‍ക്കരണത്തില്‍ കാലതാമസമുണ്ടാകുമെന്ന് ഫിച്ച് റേറ്റിംഗ്‌സ് അറിയിച്ചു. ബിപിസിഎല്ലിന് 'ബിബിബി-' എന്ന നെഗറ്റീവ് ഔട്ട്‌ലുക്കോടെയുളള റേറ്റിംഗ് ആണ് ഫിച്ച് നല്‍കുന്നത്.
ബിഡ്ഡറുകള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്, എന്നാല്‍ ബിഡ്ഡര്‍ കണ്‍സോര്‍ഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള പ്രക്രിയയിലെ സങ്കീര്‍ണ്ണതയും കാലതാമസത്തിന് കാരണമായേക്കാം. നടപടികളില്‍ കാര്യമായ പുരോഗതി കൈവരിച്ചുകഴിഞ്ഞാല്‍ റേറ്റിംഗ് അവലോകനം ചെയ്യുമെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.
ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതിനായി ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പില്‍ നിന്ന് താല്‍പ്പര്യ പത്രം (ഇഒഐ) സര്‍ക്കാരിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ബിഡ്ഡുകള്‍ ഇതുവരെ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. നേരത്തെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീണ്ടു പോയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.