
കുറഞ്ഞ തുക നിക്ഷേപിച്ച് പരമാവധി റിട്ടേണ്‍ പ്രതീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. നിക്ഷേപങ്ങള്‍ ഏതായാലും സുരക്ഷിതമായ സ്‌കീമുകളിലും സ്ഥാപനങ്ങളിലുമല്ലെങ്കില്‍ നമ്മുടെ പണം പോയത് തന്നെ. എന്നാല്‍ ഏതാണ് സുരക്ഷിതവും മികച്ച ലാഭം കിട്ടുന്നതുമായ സ്‌കീമുകളെന്ന് ആലോചിക്കുന്നുണ്ടെങ്കില്‍ അഞ്ച് പദ്ധതികളെ കുറിച്ചറിയാം.
ആദ്യം നിങ്ങള്‍ക്ക് എത്ര തുക നിക്ഷേപിക്കാനായി മാറ്റിവെക്കണമെന്ന് തീരുമാനിക്കാം. ഒന്നുമുതല്‍ അഞ്ചുലക്ഷം വരെ നിക്ഷേപത്തിനായി മാറ്റിവെക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഏറ്റവും നല്ലത്. മിനിമം മൂന്ന് മുതല്‍ പരമാവധി അഞ്ചുവര്‍ഷക്കാലയളവിലേക്കാണ് നിക്ഷേപം നടത്തേണ്ടത്. എന്നാല്‍ മാത്രമേ നമുക്ക് മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാനാകു. ഈ കാലയളവുകളിലേക്ക് നിക്ഷേപിക്കാവുന്ന ചില സ്‌കീമുകളെ ഇനി പരിചയപ്പെടുത്താം.
ബജാജ് ഫിനാന്‍സിന്റെ സ്ഥിര നിക്ഷേപങ്ങള്‍
മൂന്ന് മുതല്‍ അഞ്ചുവര്‍ഷക്കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് പറ്റിയ നല്ലൊരു സ്‌കീമാണിത്. 36 മാസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 8.35 % പലിശ ലഭിക്കും. കുറഞ്ഞ കാലയളവിലേക്കാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതായത് 12 മുതല്‍ 23 മാസക്കാലയളവാണെങ്കില്‍ 8% പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.35 % പലിശ അധികം ലഭിക്കുന്നതാണ്.ഈ നിക്ഷേപപദ്ധതിയെ ട്രിപ്പിള്‍ എ എന്നാണ് പറയുന്നത്. ഏറ്റവും സുരക്ഷയുള്ള സ്‌കീം ആണിതെന്ന് അര്‍ത്ഥം.
പോസ്റ്റ്ഓഫീസ് ടൈം ഡപ്പോസിറ്റ്
അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 7.7% പലിശ ലഭിക്കും. പലിശനിരക്കില്‍ ബാങ്കുകളേക്കാള്‍ നാമമാത്രമായ കുറവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സ്‌കീമാണ് പോസ്റ്റ്ഓഫീസ് ടൈം ഡപ്പോസിറ്റ്. എന്നിരുന്നാലും പലിശയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിങ്ങള്‍ക്ക് ഏതൊരാളുടെ പേരിലും അക്കൗണ്ട് തുടങ്ങാം.ഒരു പോസ്റ്റ്ഓഫീസില്‍ നിന്ന് മറ്റൊരു പോസ്റ്റ്ഓഫീസിലേക്ക് അക്കൗണ്ട് മാറ്റുകയും ചെയ്യാം. നിക്ഷേപകര്‍ക്ക് സെക്ഷന്‍ 80 സി പ്രകാരമുള്ള ടാക്‌സ് ബെനഫിറ്റ് ലഭിക്കും.
മഹീന്ദ്ര ഫിനാന്‍സിന്റെ സ്ഥിരനിക്ഷേപങ്ങള്‍
33 മുതല്‍ 40 മാസത്തേക്കുള്ള നിക്ഷേപത്ത് 8.70 % പലിശയാണ് ലഭിക്കുക. ഉദാഹരണത്തിന് 5000 രൂപ 33 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 6293 രൂപ പലിശയായി ലഭിക്കും. ബാങ്ക് ഡപ്പോസിറ്റുകളേക്കാള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ പലിശ മഹീന്ദ്ര ഫിനാന്‍സ് നല്‍കും. അതുകൊണ്ട് തന്നെ ജനപ്രിയ നിക്ഷേപ പദ്ധതിയാണിത്.
സുസ്ഥിരമായ റിട്ടേണ്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് സുരക്ഷയുള്ള പദ്ധതിയാണിത്. റേറ്റിങ് ഏജന്‍സി ഇതിന് ട്രിപ്പിള്‍ എ യാണ് നല്‍കിയിരിക്കുന്നത്. 40 മാസത്തേക്കാണെങ്കില്‍ ഇതൊരു ക്യുമുലേറ്റീവ് സ്‌കീമാണിത്. 9.65 ശതമാനം പലിശ ലഭിക്കും.ഹ്രസ്വ,മധ്യ കാലയളവിലേക്കുള്ള നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മഹീന്ദ്ര ഫിനാന്‍സായിരിക്കും നല്ല ചോയ്‌സ്.
പഞ്ചവത്സര നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്
ഈ പദ്ധതിയുടെ പ്രത്യേകത പരിശോധിച്ചാല്‍ നിക്ഷേപിക്കുമ്പോള്‍ തീരുമാനിക്കുന്ന പലിശ നിരക്ക് തന്നെയായിരിക്കും അഞ്ചുവര്‍ഷവും ലഭിക്കുക. ആദായനികുതി വകുപ്പിന്റെ സെക്ഷന്‍ 80 സി പ്രകാരമുള്ള ടാക്‌സ് ബെനഫിറ്റ് ഈ നിക്ഷേപത്തിനുണ്ട്. ദീര്‍ഘകാലനിക്ഷേപമായിരിക്കുമെന്ന് മാത്രം. മിനിമം നൂറ് രൂപയുണ്ടെങ്കില്‍ നിക്ഷേപം ആരംഭിക്കാം.
കെടിഡിഎഫ്‌സി നിക്ഷേപം
കെടിഡിഎഫ്‌സി നിക്ഷേപത്തെ പരിചയപ്പെടാം.കേരളസര്‍ക്കാര്‍ ഗ്യാരണ്ടി തരുന്ന നിക്ഷേപപദ്ധതിയാണിത്. അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തില്‍ പേടിവേണ്ട. 7.5 ശതമാനം പലിശയാണ് 1 മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 % ത്തിലും കുറച്ച് അധികം പലിശ ഈ സ്‌കീമില്‍ ലഭിക്കും.