ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു

February 16, 2022 |
|
News

                  ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു

ഉപയോക്താക്കളില്‍ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകള്‍ തിരികെ വാങ്ങാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെല്‍ ബാക്ക് പദ്ധതി. ഇലക്ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ 'യാന്ത്ര'യെ അടുത്തിടെ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ല്‍ പരം പിന്‍കോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കിയിരുന്നു.

പൂര്‍ണമായും ഓണ്‍ലൈന്‍ ആയി തന്നെയാകും ഇടപാട്. സെല്‍ ബാക്ക് പദ്ധതി പ്രണയദിനമായ ഫെബ്രുവരി 14നാണ് കമ്പനി അവതരിപ്പിച്ചത്. ഫ്ളിപ്കാര്‍ട്ട് ആപ് വഴി തന്നെ ഇടപാടിന് തുടക്കമിടാം. ഫോണുമായി ബന്ധപ്പട്ട അടിസ്ഥാന വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ഫ്ളിപ്കാര്‍ട്ട് എക്‌സിക്യൂട്ടിവ് നിങ്ങളെ സമീപിക്കും. തുടര്‍ന്നു ഫോണ്‍ പരിശോധിക്കും.

റീ-കൊമേഴ്സ് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ പദ്ധതിയെന്നു ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കി. ഇന്ത്യയില്‍ റീ- കൊമേഴ്സ് വിപണിക്കു വലിയ സാധ്യതകളുണ്ടെന്നാണു വിലയിരുത്തല്‍. '2ഗുഡ്' എന്ന പേരില്‍ റീഫര്‍ബിഷ്ഡ് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു പോര്‍ട്ടലും ഫ്ളിപ്കാര്‍ട്ടിനുണ്ട്.

ഇന്ന് വിപണിയിലുള്ള ഏതു ഫോണുകളും കാലപ്പഴക്ക വ്യത്യാസമില്ലാതെ ഫ്ളിപ്കാര്‍ട്ടിന് വില്‍ക്കാം. ഓണ്‍ലൈനില്‍ വാങ്ങിയതോ, കടയില്‍നിന്നു വാങ്ങിയതോ ആയ ഫോണുകളും തിരികെ വാങ്ങും. അതേസമയം വിദേശത്തു നിന്നു വാങ്ങിയ ഫോണുകള്‍ പദ്ധതിക്കു കീഴില്‍ തിരികെ വാങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഫോണിന്റെ മോഡല്‍, കാലപ്പഴക്കം, നിലവിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും വില നിശ്ചയിക്കുക. തുടര്‍ന്നു തുകയ്ക്കുള്ള വൗച്ചര്‍ നല്‍കും. ഉടനെ തുന്നെ പദ്ധതി ഇന്ത്യയില്‍ മൊത്തം വ്യാപിപ്പിക്കും. പദ്ധതി വ്യാപകമാകുന്നതോടെ ഇ- വേസ്റ്റുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തല്‍. ഇങ്ങനെ ശേഖരിക്കുന്ന ഫോണുകള്‍ പരിശോധനകള്‍ക്കു ശേഷം തിരികെ വിപണിയിലെത്തും.

എതിരാളികളില്‍ നിന്നുള്ള മത്സരം കടുത്തതോടെ വിപണി പിടിക്കാനുള്ള തന്ത്രമാണ് ഫ്ളിപ്കാര്‍ട്ട് പയറ്റുന്നതെന്നാണു വിദഗ്ധരുടെ വാദം. അടുത്തിടെ കമ്പനി നിരവധി പദ്ധതികള്‍ ആപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏറ്റവും പുതിയതാണ് സെല്‍ ബാക്ക്. യാന്ത്രയുടെ ഏറ്റെടുപ്പ് നിര്‍ണായകമായി. 2013ല്‍ ജയന്ത് ഝാ, അങ്കിത് സാരാഫ്, അമോല്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സ്ഥാപനമാണ് യാന്ത്ര. ഉപയോഗിച്ച ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും കമ്പനി കൈകാര്യം ചെയ്യുന്നത്.

Related Articles

© 2025 Financial Views. All Rights Reserved