
ന്യൂഡല്‍ഹി: വായ്പ തിരിച്ചടവ് സംബന്ധിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് കൊവിഡ് -19 സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങളോടൊപ്പം സര്‍ക്കാര്‍ നിലകൊള്ളുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പരിമിതികള്‍ മനസിലാക്കേണ്ടതുണ്ടെന്ന് എംഎസ്എംഇ- ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഗഡ്കരി പറഞ്ഞു. മെഗാ പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന ജപ്പാന്റെയും യുഎസ്സിന്റെയും സമ്പദ്‌വ്യവസ്ഥ ഇന്ത്യയെക്കാള്‍ വലുതാണെന്നും ഗാഡ്കരി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈയാഴ്ച അവസാനം ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് വര്‍ക്കിങ് ക്യാപിറ്റല്‍ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്‌കീം, കുടിയേറ്റതൊഴിലാളികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിന് കമ്പനികള്‍ക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവര്‍ധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.
അടച്ചിടല്‍ മൂലമുള്ള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക ഇടപെടല്‍, തീവണ്ടി, വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കല്‍, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ എന്നിവയും പാക്കേജിലുണ്ടാകും.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷം കോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാല്‍ കഴിഞ്ഞയാഴ്ചയാണ് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ കേന്ദ്രത്തിന്റെ സഹായം വൈകുന്നതിനാല്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഈ മാസം കേരളം വീണ്ടും കടമെടുക്കും. കേന്ദ്രത്തില്‍ നിന്നു അനുവദിച്ച 1276 കോടിയുടെ റവന്യു കമ്മി വിഹിതമാണ് താത്കാലിക ആശ്വാസം. എന്നാല്‍ ഈ തുക കേന്ദ്രത്തിന്റെ പ്രത്യേക കൊവിഡ് സഹായമല്ല.
ഉളളത് അരിച്ച് പെറുക്കിയും കടം വാങ്ങിയുമാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കിയത്. ഈ മാസം മറ്റ് ചെലവുകള്‍ക്കായി ഇനിയും വേണം കുറഞ്ഞത് രണ്ടായിരം കോടി. വൈകിയെങ്കിലും ഒടുവില്‍ കേന്ദ്രത്തില്‍ നിന്നും എത്തിയ 1276 കോടിയില്‍ കൂട്ടിയാല്‍ കൂടുന്നതല്ല ചെലവുകള്‍. റവന്യു വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ എല്ലാ മാസവും സാധാരണ നിലയില്‍ കിട്ടുന്ന ഗ്രാന്റാണ് ഇപ്പോള്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വൈകുന്നതോടെ കടം വാങ്ങി ചെലവു നടത്തുക മാത്രമാണ് വഴി.
കൊവിഡ് കാലത്ത് ഇതുവരെ 7000 കോടിയാണ് കേരളം വായ്പയെടുത്തത്. കേന്ദ്രം നല്‍കേണ്ട മൂവായിരത്തോളം കോടിയുടെ ജി എസ് ടി നഷ്ടപരിഹാരത്തില്‍ അനക്കമില്ല. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ 170 കോടി മാത്രമാണ് പ്രതിസന്ധി കാലത്ത് കേന്ദ്രത്തിന്റെ പ്രത്യേക സഹായം. കൊവിഡിന് മുമ്പേ പ്രതിസന്ധിയിലായ സംസ്ഥാന ധനകാര്യം ലോക്ക്ഡൗണ്‍ ആഘാതം കൂടിയായപ്പോള്‍ കടം കയറി മുങ്ങുകയാണ്.
അതിനിടെ, ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ ഒരു സാമ്പത്തിക സഹായവും ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സഹായം സര്‍ക്കാര്‍ ഈ ആഴ്ച നല്‍കും. പതിനാല് ലക്ഷത്തോളം പേര്‍ക്ക് ആയിരം രൂപ വീതമാണ് നല്‍കുന്നത്. തൊഴില്‍ മുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള രണ്ടാംഘട്ട സഹായവും പരിഗണനയിലാണ്.
ക്ഷേമ പെന്‍ഷന്‍, ക്ഷേമ നിധി സഹായം എന്നീ പട്ടികയിലും ഉള്‍പ്പെടാതെ പോയവരിലേക്കാണ് ഈയാഴ്ച സര്‍ക്കാര്‍ സഹായമെത്തുന്നത്. റേഷന്‍കാര്‍ഡും ആധാര്‍ നമ്പറും പരിശോധിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്. ക്ഷേമ നിധി സഹായം ഇനിയും കിട്ടാത്ത എപിഎല്‍ വിഭാഗത്തിലുള്ളവരെ പരിഗണിച്ചിട്ടില്ല. ഇതു വരെ ഒരു സഹായവും കിട്ടാത്ത ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട പതിനാല് ലക്ഷത്തോളം പേര്‍ക്ക് ഈ ആഴ്ച തന്നെ സഹായം നല്‍കും. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ വായ്പയെടുത്ത തുകയില്‍ നിന്നാണ് സര്‍ക്കാര്‍ 140 കോടി രൂപ നീക്കിവെയ്ക്കുന്നത്.
നിര്‍മ്മാണ മേഖലയും, കൃഷിയും, ചെറുകിട സംരംഭങ്ങളും സജീവമാകുന്നതാണ് സര്‍ക്കാരിന് ആശ്വാസം. അപ്പോഴും തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷങ്ങള്‍ ഇപ്പോഴും ലോക്ക്ഡൗണിലാണ്. ഇവര്‍ക്കായി രണ്ടം ഘട്ട സഹായവും സര്‍ക്കാര്‍ പരിഗണനയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് മുന്നിലെ വെല്ലുവിളി. ആസൂത്രണ ബോര്‍ഡ് കണക്ക് പ്രകാരം ഒരു കോടി പതിനായിരം തൊഴിലാളികള്‍ക്കാണ് ആയിരം രൂപ വീതം നല്‍കിയത്. ഇതില്‍ പന്ത്രണ്ട് ലക്ഷം ഒരു ക്ഷേമ നിധിയിലും രജിസ്റ്റര്‍ ചെയ്യാത്തവരാണ്. 976 കോടിയാണ് ലോക്ക്ഡൗണ്‍ നാളുകളില്‍ ഇവര്‍ക്കായി വിതരണം ചെയ്തത്. മടങ്ങിയെത്തുന്ന പ്രവാസികളില്‍ ക്ഷേമ നിധിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആയിരം രൂപ നല്‍കും.