
ഗോതമ്പ്, പാമോയില്‍, പാക്കേജിംഗ് സാമഗ്രികള്‍ എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നതോടെ വീണ്ടും വില വര്‍ധനവിനൊരുങ്ങി എഫ്എംസിജി കമ്പനികള്‍. ഇതോടെ, ഉപഭോക്താക്കള്‍ അവരുടെ ദൈനംദിന അവശ്യവസ്തുക്കള്‍ക്കായി കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം നീളുന്നതിനാല്‍ ഗോതമ്പ്, ഭക്ഷ്യ എണ്ണ, ക്രൂഡ് എന്നിവയുടെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാബര്‍, പാര്‍ലെ തുടങ്ങിയ കമ്പനികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്യുഎല്‍, നെസ്ലെ തുടങ്ങിയ നിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.
ഈ രംഗത്ത് 10-15 ശതമാനം വില വര്‍ധനവ് പ്രതീക്ഷിക്കുന്നതായി പാര്‍ലെ പ്രോഡക്ട്‌സ് സീനിയര്‍ കാറ്റഗറി തലവന്‍ മായങ്ക് ഷാ പറഞ്ഞു. വില ചാഞ്ചാട്ടത്തിലാണെന്നും അതിനാല്‍ കൃത്യമായ വര്‍ധനവിനെക്കുറിച്ച് പറയാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പാമോയില്‍ ലിറ്ററിന് 180 രൂപയായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലിറ്ററിന് 150 രൂപയായി കുറഞ്ഞു. അതുപോലെ, ക്രൂഡ് ഓയ്ല്‍ വില ബാരലിന് ഏകദേശം 140 യുഎസ് ഡോളറായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബാരലിന് 100 ഡോളറില്‍ താഴെയായി. എന്നിരുന്നാലും, ഇത് മുമ്പത്തേതിനേക്കാള്‍ കൂടുതലാണെന്നും മായങ്ക് ഷാ പറഞ്ഞു.
പാര്‍ലെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ ആവശ്യത്തിന് പാക്കേജിംഗ് മെറ്റീരിയലുകളും മറ്റ് സ്റ്റോക്കുകളും ഉണ്ടെന്നും ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മായങ്ക് ഷാ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനമായി വില വര്‍ധനവിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഡാബറും. നിലവില്‍, രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ എച്ച്യുഎല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ബ്രൂ കോഫി, ബ്രൂക്ക് ബോണ്ട് ടീ തുടങ്ങിയവയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. നെസ്ലെ ഇന്ത്യ തങ്ങളുടെ ജനപ്രിയ മാഗി നൂഡില്‍സിന്റെ വില 9 മുതല്‍ 16 ശതമാനം വരെയാണ് വില ഉയര്‍ത്തിയത്.