
ഡല്‍ഹി: ഇന്ത്യയിലെ വാഹന വിപണി രംഗം ശക്തമായ തിരിച്ചടി നേരിടുന്ന വേളയിലാണ് രാജ്യത്തെ തങ്ങളുടെ ഇരട്ട ഫാക്ടറികളില്‍ ഒന്ന് വില്‍ക്കാന്‍ അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ് ശ്രമങ്ങള്‍ നടത്തുന്നത്. പുത്തന്‍ ഫാക്ടറി വില്‍ക്കുന്നത് വഴി എത്ര തുകയാണ് കമ്പനി സമാഹരിക്കാന്‍ ശ്രമിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗുജറാത്തിലെ സാനന്ദിലുള്ള ഫാക്ടറിയാണ് കമ്പനി വില്‍ക്കുന്നത്. ഷങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഏഷ്യാ പസിഫിക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് വില്‍പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഏതൊക്കെ കമ്പനികളുമായിട്ടാണ് ഫോര്‍ഡ് അധികൃതര്‍ വില്‍പനയ്ക്കായി ചര്‍ച്ച നടത്തുന്നത് എന്നതില്‍ വ്യക്തതയായിട്ടില്ല. ഒരു ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ 2015 മാര്‍ച്ചിലാണ് സാനന്ദില്‍ കമ്പനി പ്ലാന്റ് നിര്‍മ്മിച്ചത്. 2,40,000 വാഹനങ്ങളും 2,70,000 എഞ്ചിനുകളുമാണ് പ്രതിവര്‍ഷം ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ആഗോള തലത്തില്‍ പുനര്‍നിര്‍മ്മാണം നടത്തുന്നതിനായി 11 ബില്യണ്‍ ഡോളറിന്റെ നീക്കമാണ് കമ്പനി നടത്തുന്നത്.
ഇന്ത്യയടക്കം മിക്കയിടങ്ങളിലും ഫാക്ടറികള്‍ വെട്ടിക്കുറയ്ക്കുന്നതും അതിന്റെ ഭാഗമായിട്ടാണെന്നാണ് കരുതുന്നത്. ഫോര്‍ഡിന്റെ പ്രധാന വാഹനങ്ങളായ ആസ്‌പെയര്‍, ഫിഗോ എന്നീ മോഡലുകള്‍ സാനന്ദിലെ പ്ലാന്റിലാണ് നിര്‍മ്മിച്ചിരുന്നത്. ഇത് കൂടാതെ കമ്പനിയ്ക്ക് ചെന്നൈയിലാണ് പ്ലാന്റുകളുള്ളത്. 1995ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2,00,000 വാഹനങ്ങളും 3,40,000 എഞ്ചിനുകളുമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്.
ഫോര്‍ഡിന്റെ സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളായ ഇക്കോ സ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നിവ ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മ്മിച്ചിരുന്നത്. സ്വദേശീയമായ വില്‍പനയ്ക്ക് വേണ്ടിയാണ് ചെന്നൈയിലെ പ്ലാന്റ് വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ സാനന്ദില്‍ നിന്നും നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ 30 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.