
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് കടക്കുന്നു. അരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നടപടിയാണിത്. എയര്‍ബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടി. അമേരിക്കയിലെ നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീമമായ പണച്ചെലവുള്ള ഈ നടപടിയ്ക്ക് ഫോര്‍ഡ് വിധേയമാകുന്നത്.
എയര്‍ബാഗ് വിഷയത്തില്‍ മുപ്പത് ലക്ഷം വാഹനങ്ങളാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി തിരിച്ചുവിളിക്കാന്‍ പോകുന്നത്. 610 ദശലക്ഷം ഡോളര്‍ ആണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 4,450 കോടി രൂപ. അപൂര്‍വ്വമായെങ്കിലും എയര്‍ബാഗ് ഇന്‍ഫ്ലേറ്ററുകള്‍ കീറുകകയും ലോഹശകലങ്ങള്‍ പുറത്തേക്ക് തെറിക്കുകയും ചെയ്യും എന്നതാണ് പ്രശ്നം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്കും ഇത് നയിച്ചിരുന്നു. 67 ദശലക്ഷം എയര്‍ബാഗ് ഇന്‍ഫ്ലേറ്ററുകളാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കപ്പെട്ടത്.
ഇത്തരത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഫോര്‍ഡ് മോട്ടോര്‍ കമ്പനി നിയമ പോരാട്ടവും തുടങ്ങിവച്ചിരുന്നു. 2017 ല്‍ ആയിരുന്നു ഇത്. എന്നാല്‍ അമേരിക്കന്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ ഈ ആവശ്യം തള്ളിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ മാത്രം 27 ലക്ഷം വാഹനങ്ങളാണ് ഫോര്‍ഡ് ഇതോടെ തിരിച്ചുവിളിക്കാന്‍ പോകുന്നത്. ഭീമമായ ചെലവാണ് ഇതിനായി കമ്പനി നേരിടേണ്ടി വരിക. ഈ തുക സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക.
തകാത്ത ഇന്‍ഫ്ലേറ്ററുകളുടെ ഉപയോഗം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആഗോള തലത്തില്‍ നാനൂറില്‍ പരം ആളുകള്‍ക്ക് ഇതുമൂലം പരിക്കേറ്റിരുന്നു. 27 പേരാണ് ഈ പ്രശ്നം മൂലം കൊല്ലപ്പെട്ടത്. അതില്‍ 18 എണ്ണവും അമേരിക്കയില്‍ ആയിരുന്നു. നേരത്തേ ജനറല്‍ മോട്ടോഴ്സും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്ന നടപടിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഇതും നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ തള്ളിയിരുന്നു. തുടര്‍ന്ന് എഴുപത് ലക്ഷം വാഹനങ്ങള്‍ ജനറല്‍ മോട്ടേഴ്സ് തിരികെ വിളിച്ചു. 1.2 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇതിന്റെ പേരില്‍ കമ്പനിയ്ക്ക് വന്ന ചെലവ്.