റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി ഭാരത്‌പേ; ലിസ്റ്റ് ചെയ്യാനുള്ള നീക്കം

April 11, 2022 |
|
News

                  റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി ഭാരത്‌പേ;  ലിസ്റ്റ് ചെയ്യാനുള്ള നീക്കം

ന്യൂഡല്‍ഹി: റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഭാരത്‌പേ. സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഭാരത്‌പേ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയത്. അടുത്ത 18-24 മാസത്തിനുള്ളില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍ പറഞ്ഞു.

അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഇടപാടുകള്‍, ഇടപാട് മൂല്യം, വായ്പകള്‍, വരുമാനം എന്നിങ്ങനെ എല്ലാ തലങ്ങളിലും ബിസിനസ്സ് 20 ശതമാനം ഉയര്‍ന്നു. ജനുവരിയില്‍ കോവിഡ് ബാധിച്ചിട്ടും കാര്യങ്ങള്‍ മന്ദഗതിയിലായിട്ടും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ക്യൂആര്‍ കോഡുകള്‍ വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ കട ഉടമകളെ അനുവദിക്കുന്ന ഭാരത്പേ ഇപ്പോള്‍ 225 നഗരങ്ങളിലും (കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2 മടങ്ങ് വളര്‍ച്ച), 8 ദശലക്ഷത്തിലധികം വ്യാപാരികള്‍ക്കും (2021 സാമ്പത്തിക വര്‍ഷം ഇത് 5 ദശലക്ഷം) ലഭ്യമാണ്.

ഇടപാട് മൂല്യം 2021-22 ല്‍ (ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2022 വരെ) 2.5 മടങ്ങ് വര്‍ധിച്ച് 16 ബില്യണ്‍ ഡോളറായി. പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ബിസിനസും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 മടങ്ങ് വര്‍ധിച്ചു. 1.25 ലക്ഷം പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ ഈ കാലയളവില്‍ വിന്യസിപ്പിച്ചു. മാര്‍ച്ച് വരെ 4 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാടുകള്‍ ഇതുവഴി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത വ്യാപാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 1.6 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ന്നു.

അഞ്ച് മാസം മുമ്പ് കമ്പനി പുറത്തിറക്കിയ ബൈ-നൗ-പേ ലേറ്റര്‍ ഉത്പന്നമായ പോസ്റ്റ്‌പേ, പ്രതിമാസം ഒരു ദശലക്ഷം ഇടപാടുകള്‍ നടത്തുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, ഭാരത്പേ പ്രതീക്ഷിക്കുന്നത്, ടിപിവിയില്‍ 85 ശതമാനം കുതിച്ചുചാട്ടം നടത്തി 30 ബില്യണ്‍ ഡോളറിലെത്താനാണ്. വായ്പകള്‍ 2 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സേവനം 300 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും, 2022 അവസാനത്തോടെ 20 നഗരങ്ങളില്‍ സ്വര്‍ണ്ണ വായ്പ നല്‍കാനും ഭാരത്‌പേ ലക്ഷ്യമിടുന്നു.

Related Articles

© 2025 Financial Views. All Rights Reserved