
മോസ്‌കോ: പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കും പ്രകൃതി വാതകം നല്‍കുന്നത് റഷ്യ നിര്‍ത്തിയതിനെ തുടര്‍ന്ന് യൂറോപ്പ് പ്രതിസന്ധിയില്‍. പ്രകൃതി വാതകത്തിന് ആവശ്യകതയും വിലയും ഉയര്‍ന്നതോടെ ഗത്യന്തരമില്ലാതെ റഷ്യയുമായി റൂബിളില്‍ തന്നെ പണമിടപാട് നടത്താന്‍ തയ്യാറായി യൂറോപ്യന്‍ കമ്പനികള്‍ രംഗത്തെത്തി. നാല് യൂറോപ്യന്‍ കമ്പനികള്‍ റഷ്യന്‍ കറന്‍സിയായ റൂബിളില്‍ പ്രകൃതി വാതകത്തിനായി പണം നല്‍കിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
റൂബിളില്‍ ഇടപാട് നടത്തണമെന്നാവശ്യപ്പെട്ട് പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള വാതക വിതരണം റഷ്യ നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ തീരുമാനത്തിന് പിന്നാലെ യൂറോപ്പില്‍ വാതകത്തിന്റെ വില 28 ശതമാനം ഉയര്‍ന്നു. ഏതൊക്കെ കമ്പനികളാണ് റൂബിളില്‍ ഇടപാട് നടത്താന്‍ തയ്യാറായതെന്ന് വാര്‍ത്ത പുറത്തുവിട്ട ബ്ലൂബെര്‍ഗ് വ്യക്തമാക്കിയിട്ടില്ല. അതേസമയം തങ്ങളുടെ ആവശ്യത്തിന്റെ 80 ശതമാനം വാതകവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓസ്ട്രിയയ്ക്ക് വാതകം ലഭിക്കുന്നതില്‍ ഒരു തടസവും ഉണ്ടായിട്ടില്ല.
യൂറോപ്പിലെ ഗ്യാസ് ഉപയോഗത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് റഷ്യയാണ്. ഗ്യാസിന് റൂബിള്‍ നല്‍കണമെന്ന് റഷ്യ നിലപാടെടുത്തതോടെ, പല രാജ്യങ്ങളും ഉപരോധങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജത്തെയാണ് ജര്‍മ്മനി ആശ്രയിക്കുന്നത്. റഷ്യ ഗ്യാസ് വിതരണം നിര്‍ത്തിയാല്‍ അത് ജര്‍മ്മനിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. റഷ്യ ഉക്രൈനില്‍ നടത്തിയ അധിനിവേശത്തെത്തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കമെന്നത് ശ്രദ്ധേയമാണ്.