
ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികള്‍ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികള്‍ വിപണിയില്‍ നിന്ന് സമാഹരിക്കുക. മുമ്പ് വിപണിയിലെത്താന്‍ തീരുമാനിച്ചതും എന്നാല്‍ സാഹചര്യം മനസിലാക്കി പിന്‍വാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്സ്, ദോഡ്ല ഡയറി, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(കിംസ്), ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്.
ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്സ് 1,100 കോടി രൂപയും ദോഡ്ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗത്തില്‍പ്പെട്ട ഓഹരികള്‍ ഈവര്‍ഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്.
നിക്ഷേപകരില്‍ പലരും വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഐപിഒകളെ നിക്ഷേപകര്‍ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ 70 ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികള്‍ മൊത്തംനല്‍കിയ ശരാശരി നേട്ടം 34 ശതമാനമാണ്. അഞ്ചുവര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിരക്കാണിത്.