
നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചന ദിനമായി ആചരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. 2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ദ്ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളില്‍ സാമ്പത്തിക മേഖലയില്‍ കനത്ത ഇടിവ് അനുഭവപ്പെട്ടു. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ വേണ്ടി, ആളുകള്‍ക്ക് മണിക്കൂറുകളോളം ബാങ്കുകളിലും മറ്റും ക്യൂ നില്‍ക്കേണ്ടതായി വന്നു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ല്‍ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി പറയുന്നു. 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്. ഇതില്‍ 15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. 10,720 കോടി രൂപമാത്രമാണ്, ബാങ്കുകളില്‍ തിരിച്ചെത്താതിരുന്നത്. രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് എന്ന സര്‍ക്കാരിന്റെ വാദം ഇതോടെ ഇല്ലാതായി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്ന് ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരി വിപണി 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു. പ്രധാനമന്ത്രിയുടെ നടപടി തുടക്കത്തില്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ നടത്തിപ്പില്‍ വന്ന പാളിച്ചകള്‍ കൊണ്ട് പിന്നീട് പിന്തുണച്ചവര്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.