
ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നല്‍കിയ അപേക്ഷ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തള്ളി. ഡെറ്റ് പദ്ധതികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനത്തിനെതിരെ സെബി നടപടിയെടുക്കാനിരിക്കെയാണ് തിരിച്ചടി.
സെബിയുടെ നിര്‍ദേശപ്രകാരം ചോക്സി ആന്‍ഡ് ചോക്സി നടത്തിയ ഫോറന്‍സിക് ഓഡിറ്റില്‍ അസറ്റ്മാനേജുമെന്റ് കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. 2020 ഏപ്രില്‍ 23നാണ് രാജ്യത്തുതന്നെ പഴക്കമുള്ള ഫണ്ട് ഹൗസുകളിലൊന്നായി ഫ്രാങ്ക്ളിന്‍ ആറ് ഡെറ്റ് സ്‌കീമുകളുടെ പ്രവര്‍ത്തനം മരിവിപ്പിച്ചത്. മൂന്നുലക്ഷത്തിലധികം നിക്ഷേപകരുടെ 26,000 കോടി രൂപയാണ് പത്തുമാസത്തിലേറെകാലം തിരിച്ചെടുക്കാന്‍ കഴിയാതായത്.
ഇതേതുടര്‍ന്ന് രാജ്യത്തെ വിവിധ കോടതികളിലായി എഎംസിക്ക് നിയമനടപടി നേരിടേണ്ടിവന്നു. ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 14,572 കോടി രൂപ ഇതിനകം നിക്ഷേപകര്‍ക്ക് വിതരണം ചെയ്തു. ബാക്കിയുള്ള നിക്ഷേപ ആസ്തികള്‍ വിറ്റ് പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.