അരി കിലോയ്ക്ക് 220 രൂപ, പാല്‍പ്പൊടി 1900 രൂപ, പെട്രോള്‍ ലിറ്ററിന് 254 രൂപ: ശ്രീലങ്കയില്‍ ജനങ്ങള്‍ വലയുന്നു

April 05, 2022 |
|
News

                  അരി കിലോയ്ക്ക് 220 രൂപ, പാല്‍പ്പൊടി 1900 രൂപ, പെട്രോള്‍ ലിറ്ററിന് 254 രൂപ:  ശ്രീലങ്കയില്‍ ജനങ്ങള്‍ വലയുന്നു

ഉയര്‍ന്ന പണപ്പെരുപ്പം ശ്രീലങ്കയില്‍ ജനജീവിതം ദുസഹമാക്കുന്നു. അവശ്യ സാധനങ്ങള്‍ക്കെല്ലാം ഇരട്ടിയിലധികമാണ് വില വര്‍ധന. ഫെബ്രുവരിയില്‍ ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 17.5 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 25 ശതമാനം കവിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നല്ലൊരു വിഭാഗം ശ്രീലങ്കന്‍ ജനതയും പട്ടിണിയോട് മല്ലിടുകയാണ്. ശ്രീലങ്കന്‍ റുപ്പി ദുര്‍ബലമാകുന്നത് മുതല്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം വരെ ഇതിന് കാരണങ്ങളാണ്. പ്രതിസന്ധി അതിജീവിക്കാന്‍ ശ്രീലങ്കന്‍ നിവാസികള്‍ പലായനം ചെയുന്നതടക്കമുള്ള ചിന്തകളിലാണ്.

ഇന്ധനം വാങ്ങാന്‍ നീണ്ട ക്യൂവെന്നതുപോലെ ശ്രീലങ്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലുമുണ്ട് ഇപ്പോഴും ഈ നീണ്ട നിര. ഭക്ഷണ സാധനങ്ങള്‍ കിട്ടാനില്ലെന്ന് മാത്രമല്ല ലഭ്യത കുറവായതിനാല്‍ അരിയ്ക്കും ഗോതമ്പിനും എല്ലാം തീ വിലയുമാണ്. കഴിഞ്ഞ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുതിച്ചുയരുകയാണ്. അരി, ഗോതമ്പ്, എണ്ണ, പാല്‍പ്പൊടി തുടങ്ങിയ പ്രധാന ഭക്ഷണ സാധനങ്ങള്‍ കിട്ടാനില്ല. അരിക്ക് കിലോയ്ക്ക് 220 രൂപയാണ്. ഗോതമ്പിന് കിലോഗ്രാമിന് 190 രൂപ നല്‍കേണ്ടി വരുന്നു. പെട്രോള്‍ കിട്ടണമെങ്കില്‍ ലിറ്ററിന് 254 രൂപയോളം നല്‍കണം.

കൊളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് കിലോയ്ക്ക് 240 രൂപയാണ് വില. മറ്റൊരു അവശ്യ വസ്തുവായ വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ ലിറ്ററിന് ഏകദേശം 850 രൂപയാണ് വില. പാല്‍പ്പൊടിക്ക് 1900 രൂപയോളം വില ഈടാക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ ക്ഷാമം മാത്രമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. വൈദ്യുതി മുടക്കവും വാരാന്ത്യ ലോക്ക്ഡൗണും എല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടന ദുര്‍ബലമായിക്കൊണ്ടിരിക്കുമ്പോഴും കാര്യമായ നടപടികള്‍ എടുക്കാന്‍ ആകാതെ കുഴയുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്ഷെയെ കുറ്റപ്പെടുത്തി പ്രതിഷേധക്കാര്‍ തെരുവിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിരവധി ആളുകള്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമ്പോഴും അധികൃതര്‍ കാര്യമായ ഇടപെടലുകള്‍ നടത്താതെ നിസംഗരാണ്. ശ്രീലങ്കയെ അടിമുടി തകര്‍ത്തതില്‍ കൊവിഡിനും വലിയ പങ്കുണ്ട്. പൂര്‍ണമായും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന ശ്രീലങ്കയില്‍ കൊവിഡ് പടര്‍ന്നത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ കടുത്ത ഇറക്കുമതി നിയന്ത്രണങ്ങള്‍ രാജ്യം നടപ്പാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved